ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്

കൊയിലാണ്ടി: കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനും ഊന്നൽ നൽകുന്ന ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. കെ. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. മെയ് മാസത്തോടെ ബ്രിഡ്ജ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് എം.എൽ.എ.യും ഉദ്യാഗസ്ഥരും പറഞ്ഞു. 2009ൽ കെ. ദാസൻ എം.എൽ.എ.യുടെ ശ്രമഫലമായി മലബാർ പാക്കേജിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.
അതിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് 21.18 കോടി രൂപ അനുവദിച്ച് കിട്ടുകയും ചെയ്തു. 2010 ഫ്രിബവരിയിൽ കെ. ദാസൻ എം.എൽ.എ. പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മഴക്കാലങ്ങളിൽ രണ്ട് മില്യൻ എം ക്യൂബ് വെള്ളം ശേഖരിക്കാൻ കഴിയും വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. കൊയിലാണ്ടി നിയോജക മണ്ഡലത്തെയും പേരാമ്പ്ര നിയോജക മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായാൽ അരിക്കുളം, നടുവണ്ണൂർ, കീഴരിയൂർ, ഉള്ള്യേരി എന്നീ പഞ്ചായത്തുകളിലും, കൊയിലാണ്ടി നഗരസഭയിലും ഉൾപ്പെടെ ഒന്നര ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ വെള്ള മെത്തിക്കുന്നതോടൊപ്പം ഇവിടങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഈ പദ്ധതിമൂലം സാധിക്കും. കൂടാതെ കൊയിലാണ്ടി പേരാമ്പ്ര നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാതയും യാഥാർത്ഥ്യമാകുകയാണ്.

പദ്ധതിയുടെ പ്രവൃത്തി ഏതാണ്ട് 95 ശതമാനം പൂർത്തിയായി കഴിഞ്ഞു.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് വർക്ക് ഏറ്റെടുത്ത് നടത്തുന്നത്. നഗരസഭ കൗൺസിലർ ടി. പി. രാമദാസൻ, പി. വി. മാധവൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ. കെ. പ്രേമാനന്ദൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജീവൻ എന്നിവർ എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്നു.

