ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറിയായി പ്രഖ്യാപിച്ചു

കൊയിലാണ്ടി: ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറിയായി പ്രഖ്യാപിച്ചു. കെ.ദാസൻ എം.എൽ.എ.യാണ്‌പ്രഖ്യാപനം നടത്തിയത്. കുടുoബത്തിലെ എല്ലാവർക്കും വായിക്കാൻ പുസ്തക ശേഖരവുമായി വിദ്യാർത്ഥികളുടെ ലൈബ്രറിയെന്ന ആശയം ശ്രദ്ധ നേടുന്നു. മൂടാടി പഞ്ചായത്തിലെ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഹോം ലൈബ്രറികളൊരുക്കി വേറിട്ട മാതൃകയാവുന്നത്. വായിക്കാനായി പുസ്തകങ്ങൾ വാങ്ങി നൽകുന്ന രക്ഷിതാക്കൾക്ക് മക്കളുടെ വക വായനാ വസന്തമൊരുക്കുകയാണ് ഈ പദ്ധതി.
“അമ്മ വായന, കുഞ്ഞു വായന, കുടുംബ വായന” എന്ന പേരിൽ ഒരു പ്രദേശത്തിന്റെ മൊത്തം വായനാ സംസ്കാരം രൂപപ്പെടുത്തിയെടുക്കാനായി കഴിഞ്ഞ വായനാദിനത്തിൽ സ്കൂൾ ഡെപ്യൂട്ടി ലീഡർ ധനഞ്ജയ് എസ് വാസിന്റെ വീട്ടിൽ നിന്ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ 73 കുട്ടികളുടെയും വീടുകളിൽ ഇതിനോടകം ഹോം ലൈബ്രറി സ്ഥാപിച്ച് കഴിഞ്ഞു.
ഓരോ കുട്ടിയുടെ വീട്ടിലും അമ്പതോ അതിലധികമോ പുസ്തകങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ ലൈബ്രറികൾക്ക് പ്രത്യേക പേരും റജിസ്റ്ററും ഉണ്ട്. വീട്ടിലെ സ്ത്രീകൾക്കാണ് ലൈബ്രറിയിലൂടെ പ്രധാന പ്രയോജനം. പുസ്തകങ്ങൾ വായിച്ച് വീട്ടുകാരും, വിദ്യാർത്ഥികളും തയ്യാറാക്കിയ കുറിപ്പുകൾ പ്രത്യേക പുസ്തകമായി പുറത്തിറക്കുന്നുണ്ട്. വീടുകളിൽ ഒരുക്കിയ ലൈബ്രറി ആ വീട്ടിലെ വിദ്യാർത്ഥി തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
പുതുമയാർന്ന ഈ പദ്ധതിയിലൂടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീട്ടിൽ ലൈബ്രറി ഒരുക്കിയ സംസ്ഥാനത്തെ ആദ്യ വിദ്യാലയമെന്ന ബഹുമതി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ സ്വന്തമാക്കി.
എസ്.എസ്.എ. ഈ വർഷം മികച്ച സ്കൂൾ പ്രൊജക്ടുകൾക്ക് ഏർപ്പെടുത്തിയ സർഗ വിദ്യാലയ പുരസ്കാരo 10,000 രൂപയും സാക്ഷ്യ പത്രവും ഹോം ലൈബ്രറി പ്രൊജക്ടിന് ലഭിച്ചിട്ടുണ്ട്.
പദ്ധതിയിലേക്ക് പുസ്തക സമാഹരണ യജ്ഞം വഴി നാട്ടുകാരിൽ നിന്നും, സോഷ്യൽ മീഡിയ വഴിയും സമാഹരിച്ച 500 പുസ്തകങ്ങൾ കിറ്റുകളാക്കി മാറ്റി മുഴുവൻ കുട്ടികളുടെ ഹോം ലൈബ്രറികളിലേക്കും വിതരണം ചെയ്തു. കെ.ദാസൻ എം.എൽ.എ.സമ്പൂർണ്ണ ഹോംലൈബ്രറി പ്രഖ്യാപനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വി.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ മേലടി എ.ഇ.ഒ.ഇ. വിശ്വനാഥനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി സമ്പൂർണ്ണ ഹോം ലൈബ്രറി റജിസ്റ്റർ പ്രകാശനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന ഏറ്റുവാങ്ങി. വടകര ഡി.ഇ.ഒ. സി.മനോജ് കുമാർ മുഴുവൻ കുട്ടികൾക്കുമുള്ള പുസ്തക കിറ്റ് വിതരണം ചെയ്തു. സ്കൂൾ ലീഡർ ഹൈഫ ഖദീജ ഏറ്റുവാങ്ങി.
ഡോ: സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. രക്ഷിതാക്കളുടെ വായനാ കുറിപ്പുകൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദലി മുതുകുനി എം.പി.ടി.എ.ചെയർപെഴ്സൺ വി.എം.സജിതക്ക് നൽകി പ്രകാശനം ചെയ്തു. അധ്യാപകരുടെ വായനാ കുറിപ്പുകൾ ബി.ആർ.സി ട്രെയ്നർ കെ.ശ്രീധരൻ വിദ്യാരoഗം കൺവീനർ വി.ടി. ഐശ്വര്യക്ക് നൽകി പ്രകാശനം ചെയ്തു. കുട്ടികളുടെ വായനാ കുറിപ്പുകൾ ഇബ്രാഹീം തിക്കോടി പ്രകാശനം ചെയ്തു.ധനഞ്ജയ് എസ് വാസ് ഏറ്റുവാങ്ങി.
വിവിധ വായനാ മത്സര വിജയികൾക്ക് സ്കൂൾ മാനേജർ സി.ഹഫ്സത്ത്ബീവി സമ്മാനദാനം നടത്തി. മുഴുവൻ കുട്ടികളുടെയും ഹോം ലൈബ്രറികളുടെ ഫോട്ടോ പ്രദർശനo സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയിരുന്നു. രശ്മി ഹരിലാൽ, വീക്കുറ്റിയിൽ രവി, കെ.വിജയരാഘവൻ, പി.കെ.റഫീഖ് എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും പി.കെ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
