ചങ്ങരംകുളത്ത് തോണി മറിഞ്ഞ് സഹോദരങ്ങള്‍ അടക്കം 6 വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം: ചങ്ങരംകുളം നന്നംമുക്ക് നരണിപ്പുഴയില്‍ കോള്‍ പാടത്ത് തോണിമറിഞ്ഞ് ബന്ധുക്കളായ ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് വിദ്യാര്‍ഥികളുള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. മാപ്പിലാക്കല്‍ കടൂക്കുഴി വേലായുധന്റെ മകള്‍ വൈഷ്ണ (20), വേലായുധന്റെ സഹോദരന്‍ ജയന്റെ മക്കളായ പൂജ (13), ജെനീഷ (11), വേലായുധന്റെ മറ്റൊരു സഹോദരന്‍ പ്രകാശന്റെ മകള്‍ പ്രസീത (13), ബന്ധു നെല്ലിക്കല്‍ പനമ്ബാട് ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14), മാപ്പിലാക്കല്‍ ദിവ്യയുടെ മകന്‍ ആദിദേവ് (13) എന്നിവരാണ് മരിച്ചത്. തോണിതുഴഞ്ഞ വേലായുധന്‍ (55), അയല്‍വാസി സുലൈമാന്റെ മകള്‍ ഫാത്തിമ (13), ശിവഗി (16) എന്നിവരെ രക്ഷിച്ചു.
ഗുരുതര പരിക്കുകളോടെ വേലായുധനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഫാത്തിമ, ശിവഗി എന്നിവരെ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാത്തിമ, ശിവഗി എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ സണ്‍റൈസ് ആശുപത്രിയിലാണ്.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. ക്രിസ്മസ് അവധിക്ക് വേലായുധന്റെ വീട്ടിലെത്തിയതായിരുന്നു സഹോദരങ്ങളുടെ മക്കള്‍. മകളുള്‍പ്പെടെയുള്ള കുട്ടികളെയും കൂട്ടി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികൂടിയായ വേലായുധന്‍ കടുക്കൂഴി കോള്‍ ബണ്ട് ഭാഗത്തേക്ക് തോണിയില്‍ പോകുന്നതിനിടെയാണ് അപകടം. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ചെറുതോണിയില്‍ കൂടുതല്‍ പേരെ കയറ്റിയതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. ഈ ഭാഗത്ത് ആഴം കൂടുതലാണ്.

ബണ്ട് പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും പുഴക്കരയിലുണ്ടായിരുന്ന കര്‍ഷകരും ചേര്‍ന്ന് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട്, നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും എത്തി.

രണ്ടുവര്‍ഷം മുമ്ബ് നരണിപ്പുഴയില്‍ ഇതേസ്ഥലത്ത് ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ 2009 നവംബര്‍ നാലിന് ചാലിയാര്‍ പുഴയില്‍ അരീക്കോട് മൂര്‍ക്കനാട് കടവില്‍ തോണി മറിഞ്ഞ് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.
