ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ ഇനി ഒരു ദിവസം അഞ്ച് പേര്‍ക്ക് നടത്താം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ വഴിപാട് ഒരു ദിവസം അഞ്ച് പേര്‍ക്ക് നടത്താവുന്ന രീതിയില്‍ ക്രമികരിക്കുമെന്ന് ദേവസ്വം ചെയര്മാന് അഡ്വ.കെ.ബി.മോഹന്‍ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 19 മുതല്‍ ക്രമീകരണം നിലവില്‍ വരും. വര്‍ഷത്തില്‍ ശരാശരി 45 ഉദയാസ്തമന പൂജയാണ് നടക്കാറ്.
ഇതില്‍ വര്‍ധനവ് വരുത്തുന്ന കാര്യവും പരിഗണിക്കും. ഒന്നര ലക്ഷം രൂപയാണ് വഴിപാട് നിരക്ക്. ഇത് ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തും. കാലങ്ങളായുള്ള ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് വഴിപാടിന് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഷ്ടമംഗല പ്രശ്നത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത് തന്ത്രിയുടെ സമ്മതത്തോടെയാണ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയത്. നിലവില്‍ 2050 വരെ ഭക്തര്‍ ഉദയാസ്തമന പൂജ വഴിപാട് ബുക്കിംഗ് നടത്തിയിട്ടുണ്ട്. തീരുമാനം നടപ്പില്‍ വരുന്നതോടെ കൂടുതല്‍ പേര്‍ക്ക് കാലതാമസം കൂടാതെ വഴിപാട് നടത്താനാകും.

ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായുള്ള ചെമ്ബൈ സംഗീതോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ നാലിന് വൈകിട്ട് 6.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്രത്തിലും പരിസരങ്ങളിലും നൂതന സംവിധാനങ്ങളോടെ സ്ഥാപിച്ചിട്ടുള്ള 307 ക്യാമറകളുടെ സമര്‍പ്പണം ഈ മാസം 30ന് രാവിലെ 10 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.

ദേവസ്വത്തില്‍ ആവശ്യത്തിലധികം ജീവനക്കാര്‍ ജോലിയെടുക്കുന്നുവെന്ന ആരോപണം ദേവസ്വം വിശദമായി പരിശോധിക്കും. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ ദേവസ്വത്തിന് എതിര്‍പ്പില്ലെന്ന് കോടതിയെ അറിയിക്കുമെന്നും ചെയര്മാന് പറഞ്ഞു. ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, പി.ഗോപിനാഥന്, എം.വിജയന്, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി.ശിശിര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

