ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ്

തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യാത്രയയപ്പ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് ഗവര്‍ണര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയില്‍ ഗവര്‍ണറുടെ നിലപാടുകള്‍ മാതൃകാപരമാണ്. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ കേരളത്തെ ബാധിച്ചപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്നു. കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. സര്‍ക്കാരുമായി നല്ല ബന്ധമായിരുന്നു. ഒരിക്കല്‍ പോലും സംസ്ഥാനവുമായി ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായില്ല. ഭരണഘടനയുടെ മൂല്യം ഉയത്തിപ്പിടിച്ചു. ഗവര്‍ണര്‍ പദവിയില്‍ തുടരുമെന്നാണ് പ്രതീക്ഷിച്ചത്. പരസ്പരധാരണയോടു കൂടിയ സഹോദരബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. കേരളത്തിന് നല്‍കിയ എല്ലാസഹായങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഓണപ്പുടവ നല്‍കി. കേരളത്തിന്റെ സ്‌നേഹസമ്മാനവും കൈമാറി. ഗവര്‍ണറുടെ പത്‌നി സരസ്വതിക്ക് മുഖ്യമന്ത്രിയുടെ ഭാര്യ കമല ഓണപ്പുടവ സമ്മാനിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ എ കെ ബാലന്‍, എ സി മൊയ്തീന്‍, ജി സുധാകരന്‍, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്‌ണന്‍, ജെ മേഴ്‌സിക്കുട്ടി അമ്മ, സി രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരന്‍, കെ രാജു, വി എസ് സുനില്‍കുമാര്‍, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ ടി ജലീല്‍ എന്നിവര്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ് നന്ദി പറഞ്ഞു.

ഡിജിറ്റൽ പൂക്കളം തീർത്ത് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ

ഒരുമ പുനര്‍നിര്‍മാണത്തിലും ഉണ്ടാവണം: ഗവര്‍ണര്‍
ഓഖിയും പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ കേരളം കാട്ടിയ ഒരുമ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിലും ഉണ്ടാകണമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളം യാഥാര്‍ത്ഥ്യമാവുന്നതോടെ കേരള മോഡല്‍ ലോകത്തിനുതന്നെ മാതൃകയാവും. ഗവര്‍ണറും സംസ്ഥാനവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എല്ലാ സംസ്ഥാനങ്ങളിലും അത്യന്താപേക്ഷിതമാണ്.
പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്ബോള്‍ സര്‍ക്കാരിനെ മാറ്റുന്നതിന് പകരം പരിഹരിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തേണ്ടത്.
തന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും ക്രിയാത്മകമായി എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന നേതാക്കളും സ്‌നേഹവും സഹകരണവും നല്‍കി. കേരളവും മലയാളികളും എന്നും മനസിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
