‘ഗഗന്‍യാന്‍’ പദ്ധതി 2021-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐഎസ്‌ആര്‍ഒ

ബംഗലുരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ‘ഗഗന്‍യാന്‍’ പദ്ധതി 2021-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐഎസ്‌ആര്‍ഒ. ചാന്ദ്രയാന്‍ രണ്ട് പര്യവേക്ഷണവാഹനം ഏപ്രിലില്‍ വിക്ഷേപിക്കുമെന്നും ഐഎസ്‌ആര്‍ഒ ബംഗലുരുവില്‍ അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ ഐഎസ്‌ആര്‍ഒ ബഹിരാകാശരംഗത്ത് വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ പദ്ധതിയിലൂടെ. ‘ഗഗന്‍യാന്‍’ യാഥാര്‍ത്ഥ്യമാകുന്നതോടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ചൈനയും റഷ്യയും അമേരിക്കയും മാത്രമാണ് മനുഷ്യനെ ബഹിരാകാശത്തെത്തിച്ചിട്ടുള്ളത്.

വനിതകളടങ്ങുന്ന മൂന്നംഗ സംഘത്തെ ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി . ഇതിന് മുന്നോടിയായി 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ആളില്ലാ ദൗത്യങ്ങള്‍ ബഹിരാകാശത്തേക്കയക്കും. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ഗഗന്‍യാനിന്‍റെ ചുമതല. ബഹിരാകാശ യാത്രികര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ത്യയിലും അന്തിമഘട്ട പരിശീലനം റഷ്യയിലുമായിരിക്കും പൂര്‍ത്തിയാക്കുക. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഗഗന്‍യാന് അനുമതി നല്‍കിയത്. പദ്ധതിക്കായി പതിനായിരം കോടി രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. 30,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

മറ്റു പദ്ധതികള്‍ മൂലം പല തവണ മാറ്റി വയ്ക്കപ്പെട്ട ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ രണ്ടിന്‍റെ വിക്ഷേപണം ഏപ്രില്‍ അവസാനത്തോടെ നടത്താനുള്ള ശ്രമത്തിലാണ് ISRO. ബഹിരാകാശ രംഗത്തെ എലൈറ്റ് ക്ലബ്ലില്‍ ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്ന രണ്ട് ദൗത്യങ്ങളെയും ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

