കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഒന്നാംനിലയില്‍ തീപ്പിടിത്തം

കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ഒന്നാംനിലയില്‍ തീപ്പിടിത്തം. പഴയ ഫയലുകള്‍ കത്തിനശിച്ചു. ആര്‍.ഡി.ഒ. ഓഫീസിന് തൊട്ടുമുകളില്‍ ഡെപ്യൂട്ടി സെക്രട്ടറി (ലോ) യുടെ ഓഫീസിന് സമീപം ജീവനക്കാര്‍ ഭക്ഷണമുറിയായി ഉപയോഗിക്കുന്നിടത്താണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച 2.40-ഓടെയായിരുന്നു സംഭവം.
നശിപ്പിക്കാനായി കൂട്ടിയിട്ട ഫയലുകള്‍ക്കാണ് തീപിടിച്ചതെന്നാണ് കളക്ടറേറ്റ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ മുറിയിലുണ്ടായിരുന്ന കസേരകളും പഴയ ഫോട്ടോസ്റ്റാറ്റ് മെഷീനും ഇരുമ്ബുപെട്ടികളിലും സ്റ്റീല്‍ അലമാരകളിലും സൂക്ഷിച്ച പഴയ ഫയലുകളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാനുള്ള സാധ്യതയില്ലെന്ന് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അധികൃതര്‍ പറഞ്ഞു.

പഴയ ഫയലുകള്‍ സൂക്ഷിച്ച അലമാരയ്ക്ക് സമീപം സ്വിച്ച്‌ബോര്‍ഡും ജലശുദ്ധീകരണിയും ചേര്‍ന്നുള്ള സ്ഥലത്താണ് ആദ്യം തീ കണ്ടതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇവിടെ തീപിടിക്കാനുള്ള സാധ്യതയില്ലെന്ന് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ സുനില്‍ ശ്രീനിവാസ് പറഞ്ഞു. അലമാരയും സ്വിച്ച് ബോര്‍ഡും തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലമുണ്ട്. അതിനാല്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡില്‍നിന്ന് തീപടരാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്കര്‍ ഓഫായിട്ടില്ലെന്നും അതിനാല്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാന്‍ സാധ്യത കുറവാണെന്നുമാണ് അഗ്നിശമന സേനാവിഭാഗം അധികൃതരുടെയും പ്രാഥമിക നിഗമനം.

സമീപത്ത് പ്രവര്‍ത്തിക്കുന്ന തപാല്‍വിഭാഗത്തിലെ ജീവനക്കാരാണ് ആദ്യം തീപ്പിടിത്തം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ജീവനക്കാരനായ ഇ. പ്രമോദ് ഇലക്‌ട്രിക്കല്‍ വിഭാഗക്കാരെയും അഗ്നിശമനസേനാ വിഭാഗത്തെയും വിവരമറിയിച്ചു. അതിനിടയില്‍ ജീവനക്കാരിലൊരാള്‍ ഫയര്‍ എക്സ്റ്റിങ്ഗ്വിഷര്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം നടത്തി.

തീപ്പിടിത്തമുണ്ടായ മുറിയുടെ വരാന്തയിലും സമീപസ്ഥലത്തും പുകയും ചൂടും വര്‍ധിച്ചതോടെ തീ അണയ്ക്കാനുള്ള ജീവനക്കാരുടെ ശ്രമം പരാജയപ്പെട്ടു. ഒന്നാംനിലയിലെ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ പരിഭ്രാന്തരായി മുറി വിട്ടിറങ്ങി. കളക്ടറേറ്റിലെത്തിയവരും താഴത്തെ നിലയിലേക്ക് ഓടിയിറങ്ങി. സംഭവമറിഞ്ഞയുടന്‍ വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാവിഭാഗത്തിന്റെ അഞ്ച് യൂണിറ്റുകള്‍ എത്തി.
മുറിയിലെ പുക മുഴുവന്‍ നീക്കം ചെയ്ത് വെള്ളം ചീറ്റി തീയണച്ചതോടെയാണ് മുറിക്കുള്ളിലേക്ക് അഗ്നിശമനസേനാംഗങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. ബീച്ച് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമി, വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ്, ബീച്ച് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.ഐ. ഷംസുദ്ദീന്‍, ലീഡിങ് ഫയര്‍മാന്‍ ഇ.സി. നന്ദകുമാര്‍, സദാനന്ദന്‍ കൊളക്കാടന്‍, കെ.എസ്. സുനില്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഫൊറന്‍സിക് വിദഗ്ധന്‍ വി. വിനീത്, വിരലടയാള വിദഗ്ധരായ വി.പി. കരീം, എ.വി. ശ്രീജയ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു.
നടക്കാവ് സി.ഐ. ടി.കെ. അഷ്റഫ്, നടക്കാവ് എസ്.ഐ. എസ്. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
