കോഴിക്കോട് ബേസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം

കോഴിക്കോട്: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും വെളളയില്‍ ആസ്ഥാനമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ബേസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പദ്ധതിയുടെ രൂപരേഖ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എം.എ മുഹമ്മദ് അന്‍സാരി കലക്ടറേറ്റില്‍ നടന്ന ദുരന്ത നിവാരണ സമിതി യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കെ. ദാസന്‍ എം.എല്‍.എ എന്നിവര്‍ സന്നിഹിതരായിരുന്നു.
കടല്‍ ദുരന്തങ്ങളില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ ഏകോപ്പിച്ചുളള നടപടികളാണ് സ്വീകരിക്കേണ്ടി വരിക. കോസ്റ്റ് ഗാര്‍ഡ്, നേവി, റവന്യൂ തുറമുഖ വകുപ്പ്, ഫിഷറീസ് വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ കൂട്ടായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. എന്നാല്‍ വിവിധ ഇടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ ഓഫിസുകളുടെ ഏകോപിച്ചുളള പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമാവാറില്ല. ഈ സാഹചര്യത്തിലാണ് ബേസ് സ്റ്റേഷന്‍ സ്ഥാപിച്ച് കേന്ദ്രീകൃത രക്ഷാപ്രവര്‍ത്തനത്തിന് സൗകര്യം ഒരുക്കുന്നത്.

110 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ബേസ് സ്റ്റേഷനില്‍ ഹെലിപാഡ്, വാര്‍ഫ്, പുലിമുട്ട്, കട്രോള്‍ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ദുരന്ത കാലത്ത് മാത്രമേ ബേസ് സ്റ്റേഷന്‍ പരിപൂര്‍ണ്ണമായി ആവശ്യം വരികയുളളൂ എന്നതിനാല്‍ മറ്റ് അവസരങ്ങളില്‍ ഇതര ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കും. മേല്‍ക്കൂര സോളാര്‍ വൈദ്യുതി ഉത്പാദനത്തിനും മഴവെളള സംഭരണത്തിനും പ്രയോജനപ്പെടുത്തും. പുലിമുട്ടില്‍ സൈക്കിള്‍ സവാരിക്കും ജോഗിംങ്ങിനും സൗകര്യമുണ്ടാവും. ഹെലിപാഡ് വി.ഐ.പി കളുടെ സന്ദര്‍ശന സമയങ്ങളില്‍ പ്രയോജനപ്പെടുത്താനാവും.

