KOYILANDY DIARY

The Perfect News Portal

കോഴിക്കോട് നഗരത്തില്‍ തുടർച്ചയ്യായി ഉണ്ടാകുന്ന തീപിടിത്തം: 150 അംഗ കമ്യൂണിറ്റി റെസ്ക്യൂ ടീം രൂപീകരിക്കും

കോഴിക്കോട് > നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തങ്ങള്‍ നേരിടുന്നതിനായി 150 അംഗ കമ്യൂണിറ്റി റെസ്ക്യൂ ടീം രൂപീകരിക്കും. വ്യാപാരികളുടെ സഹായത്തോടെ മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 50 അംഗങ്ങള്‍ വീതമുള്ള ടീമിനെയാണ് സജ്ജമാക്കുക. കോര്‍പറേഷന്‍ നേതൃത്വത്തില്‍ ടാഗോര്‍ ഹാളില്‍ വിളിച്ച വ്യാപാരികളുടെയും വിവിധ വിഭാഗങ്ങളുടെയും പ്രത്യേക യോഗത്തിലാണ് ടീം രൂപീകരിക്കാന്‍ തീരുമാനിച്ചത്.

കച്ചവടക്കാര്‍, തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ അടങ്ങിയതാണ് ടീം. ഇവരുടെ പേരുകള്‍ മാര്‍ച്ച് എട്ടിന് മുമ്പ് കച്ചവടക്കാര്‍ അഗ്നിശമനാ വിഭാഗത്തിന് കൈമാറും. ഇവര്‍ക്ക് അഗ്നിശമന സേന പരിശീലനം നല്‍കും. വിവിധ ഇനം ഫയര്‍ എസ്റ്റിങ്ങ്വിഷര്‍ ഉപയോഗിക്കുന്നതിലും തീപിടിത്തമുണ്ടായാല്‍ പ്രാഥമികമായി സ്വീകരിക്കേണ്ട നടപടികളിലുമാണ് പരിശീലനം നല്‍കുക. അഗ്നിശമന സേന എത്തുംമുമ്പുള്ള നിര്‍ണായക സമയങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും അഗ്നിശമന സേനയെ സഹായിക്കുകയുമാണ് ഉദ്ദേശ്യം.

നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റവന്യു, നഗരസഭ, പൊലീസ്, അഗ്നിശമനസേന, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഫയര്‍ എസ്റ്റിങ്വിഷര്‍ ഉണ്ടായിട്ടും ഉപയോഗിക്കാന്‍ അറിയാത്തതാണ് കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ ഉണ്ടായ തീപിടിത്തം രൂക്ഷമാകാന്‍ ഇടയാക്കിയതെന്ന് യോഗത്തില്‍ അധ്യക്ഷനായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പരിശോധനയെ പീഡനമായി കാണേണ്ടതില്ലെന്നും സുരക്ഷ ഉറപ്പുവരുത്തുന്നത് കടക്കാര്‍ക്ക് കൂടി വേണ്ടിയാണെന്ന് മനസ്സിലാക്കി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മിഠായിത്തെരുവിന്റ പൈതൃകം നിലനിര്‍ത്തി പുനരുദ്ധരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു.

Advertisements

നേരത്തെ തീരുമാനിച്ച പ്രകാരം മാര്‍ച്ച് 25 മുതല്‍ സംയുക്ത പരിശോധന ഉണ്ടാകുമെന്നും വ്യാപാരികള്‍ സഹകരിക്കണമെന്നും സൌത്ത് അസിസ്റ്റന്റ് കമീഷണര്‍ അബ്ദുല്‍ റസാഖ് പറഞ്ഞു. എല്ലാ കടകളിലും ഫയര്‍ എസ്റ്റിങ്ങ്വിഷര്‍ സ്ഥാപിക്കണമെന്ന് 2011 ല്‍ തീരുമാനിച്ചതാണെന്നും ഇത് നടപ്പാക്കാതിരിക്കാന്‍ എല്ലാവരുംകൂടി തീരുമാനിച്ചപോലെയാണെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്ക്കര്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ടോജോ ജേക്കബ്, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ എസ് മണിലാല്‍ എന്നിവരും സംസാരിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ഇനം ഫയര്‍ എസ്റ്റിങ്ങ്വിഷര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *