KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ല കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്> കോഴിക്കോട് ജില്ല കോടതിയില്‍ വാര്‍ത്തയെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.കോടതിയില്‍ കയറാന്‍ ശ്രമിച്ചെന്നാരോപിച്ച്  മാധ്യമപ്രവര്‍ത്തകരെ  പൊലീസ് അറസ്റ്റ് ചെയ്തു. കോടതിക്ക് പുറത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് .പിന്നീട് തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്നും മാപ്പ് പറയുന്നതായും പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്ന ദിവസമായിരുന്നു ഇന്ന്.

ഐസ്ക്രീംകേസ് അട്ടിമറി അന്വേഷിക്കുന്ന ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിലക്കേര്‍പ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ ഉപയോഗിക്കാനും അനുമതി നല്‍കിയില്ല.അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ ടൌണ്‍പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഏഷ്യനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കോടതിയിലെത്തിയ ഏഷ്യനെറ്റിന്റെ ഒബി വാനും പോലീസ് സംഘം സ്റ്റേഷനിലേക്ക് എടുത്തു കൊണ്ടുപോയി.

ജില്ല ജഡ്ജിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് ടൌണ്‍ എസ് ഐ പറഞ്ഞു. വാക്കാല്‍ നിര്‍ദ്ദേശമുണ്ടന്നാണ് എസ് ഐ പറഞ്ഞത്. ഇതുസംബന്ധിച്ച അറിയിപ്പോ നോട്ടീസോ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല. കോടതി വളപ്പില്‍ വളരെ മോശമായാണ് മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയത്.

Advertisements

എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു ജില്ലാ ജഡ്ജി അറിയിച്ചതായി ഹൈക്കോടതി രജിസ്ട്രാര്‍ കൊച്ചിയില്‍ പറഞ്ഞു. രൂപേഷിനെ ഹാജരാക്കുന്നതിനാല്‍ സുരക്ഷ കൂട്ടാന്‍ പറഞ്ഞിരുന്നു. ഒ ബി വാനുകള്‍ കോടതി വളപ്പില്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചിരുന്നതായി അദ്ദേഹം അറിയിച്ചുവെന്ന് രജിസ്ട്രാര്‍ പറയുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ പൊലീസിന് പിഴവ് സംഭവിച്ചതാണെന്നാണ് വിശദീകരണം. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അമിതാവേശമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും അറസ്റ്റിലായവരോട് ടൌണ്‍ എസ്ഐ മാപ്പ് പറഞ്ഞതായും സി ഐ  പറഞ്ഞു. ടൌണ്‍ എസ്ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ബിനുരാജ് പറഞ്ഞു.

സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി.മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു.