കോപ്റ്ററിന് കാത്ത് നിന്നു, കമ്മീഷന്‍ ‘ചതിച്ചു’.. വോട്ട് ചെയ്യാനാകാതെ സുരേഷ് ഗോപി

തിരുവനന്തപുരത്ത് എത്തി വോട്ട് ചെയ്യാനുള്ള തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ശ്രമം അവസാന നിമിഷം പാളി. തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തുള്ള ബൂത്തില്‍ എത്താന്‍ കോപ്റ്റര്‍ ലഭിക്കാതിരുന്നതോടെയാണ് വോട്ട് ചെയ്യാനുള്ള നീക്കം സുരേഷ് ഗോപി ഉപേക്ഷിച്ചത്.
രാവിലെ തൃശ്ശൂരിലെ പോളിങ്ങ് വിയിരുത്തിയ ശേഷം വൈകീട്ടോടെ തിരുവനന്തപുരത്ത് എത്താനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. മണ്ഡലത്തിലെ തിരക്കുകള്‍ കഴിഞ്ഞ തിരുവനന്തപുരത്തേക്ക് ഫ്ളൈറ്റ് എടുക്കാന്‍ നോക്കിയപ്പോള്‍ ആ സമയത്ത് ഫ്ളൈറ്റ് ലഭിച്ചില്ല.ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നായി ആലോചന. എന്നാല്‍ പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വോട്ടെടുപ്പ് ദിവസം ഉപയോഗിക്കാന്‍ ആകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

പിന്നീട് കല്യാണ്‍ ഗ്രൂപ്പിന്‍റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തിരുമാനിച്ചപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. വൈകി തിരുവനന്തപുരത്ത് എത്തിയാലും വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

