കോതമംഗലം പള്ളിത്തര്‍ക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കോതമംഗലം മര്‍ത്തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും പേരില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ തന്നെ തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റന്പാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
കോടതി വിധി പാലിക്കാന്‍ യാക്കോബായ വിഭാഗം തയാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നായിരുന്നു തോമസ് പോള്‍ റന്പാന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കോടതി ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ഓര്‍മിപ്പിച്ചു. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ തോമസ് പോള്‍ റന്പാനെ 24 മണിക്കൂറില്‍ അധികമായി യാക്കോബായ വിശ്വാസികള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. പള്ളിയില്‍ കയറാന്‍ അനുവദിക്കുംവരെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് തോമസ് പോള്‍ റന്പാനും. ഇതിന് പിന്നാലെയാണ് കേന്ദ്ര സേനയുടെ സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രതിഷേധവുമായി പള്ളിയിലും മുറ്റത്തും ആയിരക്കണക്കിനു വിശ്വാസികള്‍ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. റന്പാനു സുരക്ഷാവലയമൊരുക്കി പോലീസും രംഗത്തുണ്ട്. പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താമെന്നും അതിന് പോലീസിന്റെ സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി വിധിയുമായാണു ഫാ. തോമസ് പോള്‍ റന്പാന്‍ വ്യാഴാഴ്ച രാവിലെ 10.20 ഓടെ എത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.

