കൊല്ലം ജില്ലാ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കൊല്ലം: മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനും ഒത്തിരി വിവാദങ്ങള്‍ക്കുമൊടുവില്‍ കൊല്ലത്ത് പുതിയ ഡിസിസി സമുച്ചയം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി. നാലായിരം സ്വക്വയര്‍ ഫീറ്റ് വലിപ്പമുള്ള മന്ദിരം ഈ മാസം മൂന്നാം വാരം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. സിഎം സ്റ്റീഫര്‍- ആര് ശങ്കര്‍ മന്ദിരം എന്നാകും ഡിസിസി ആസ്ഥാനം അറിയപ്പെടുക.
വലിയ സമ്മേളന ഹാളും നിരവധി ഓഫീസ് മുറികളും മിനി ഹാളും അടങ്ങുന്നതാണ് പുതിയ കെട്ടിടം. നിലവില്‍ ഡിസിസി ഓഫീസ് ഇരിക്കുന്ന സ്ഥലത്തിന് തൊട്ട് മാറിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഓഫീസിന് പാര്‍ക്കിംഗ് അടക്കം വലിയ സൗകര്യങ്ങളുണ്ട്. നിലവില്‍ ചെറിയ സ്ഥലത്താണ് ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധി തെക്കന്‍ കേരളത്തില്‍ പ്രചാരണത്തിനെത്തുന്ന ദിവസം ഡിസിസി ഓഫീസ് അദ്ദേഹത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് തീരുമാനം.

1984 ലാണ് അന്ന് കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന എം അഴകേശന് പുതിയ മന്ദിരത്തിന് തറക്കല്ലിടുന്നത്. പക്ഷേ പിന്നീട് നിര്‍മ്മാണം മുന്നോട്ട് പോയില്ല. പ്രതാപവര്‍മ്മ തമ്ബാന്‍ ഡിസിസി പ്രസിഡന്റായി വന്നതോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. പക്ഷേ, നിര്‍മ്മാണ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തമ്ബാന്‍ രാജിവച്ചു. ബിന്ദു കൃഷ്ണ പ്രസിഡന്റായതോടെയാണ് പിന്നീട് പണി പൂര്‍ത്തിയാക്കാനായത്.

