കൊരയങ്ങാട് തെരു ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൻ്റെ തിയ്യതി കുറിക്കൽ ഭക്ത്യാദരപൂർവ്വം നടന്നു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ പന്തലായനി കുറുമ്പ്രനാട് ദേശത്തെ പ്രസിദ്ധ ക്ഷേത്രമായ കൊരയങ്ങാട് തെരു ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൻ്റെ തിയ്യതി കുറിക്കൽ ഭക്ത്യാദരപൂർവ്വം നടന്നു. ഞായറാഴ്ച കാലത്ത് ഗണപതിക്ഷേത്രത്തിലെ വലിയ കാരണവർ സ്ഥാനത്ത് ആചാര വിധി പ്രകാരം മുചുകുന്ന് പുരുഷോത്തമ പണിക്കരാണ് വിധി പ്രകാരം തിയ്യതി കുറിച്ചത്.
ജനുവരി 28ന് കാലത്ത് 9.30ന് കൊടിയേറ്റത്തോടെ ചടങ്ങുകൾ ആരംഭിച്ച് ഫിബ്രവരി 4ന് ഉത്സവം സമാപിക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി അറിയിച്ചു. ഓരോ ദിവസങ്ങളിലും പുലർച്ചെ മുതൽ ആരംഭിക്കുന്ന വ്യത്യസ്തങ്ങളായ നിരവധി ക്ഷേത്ര ചടങ്ങുകളും കലാ സാംസ്ക്കാരിക പരിപാടികളും ഉത്സവാഘോഷത്തെ സമ്പന്നമാക്കും. ഫിബ്രവരി 1ന് ചെറിയ വിളക്കും, 2 ന് വലിയ വിളക്കും, 3 ന് താലപ്പൊലിയും, 4ന് കുളിച്ചാറോട്ടുകൂടി ഉൽസവം സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
തിയ്യതി കുറിക്കൽ ചടങ്ങിന് ക്ഷേത്ര സ്ഥാനീയർ, ക്ഷേത്ര ഉൽസവാഘോഷ കമ്മിറ്റി ഭാരവാഹികൾ, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും, നിരവധി ഭക്തജനങ്ങളുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
