കൊരയങ്ങാട് ഡിവിഷനിലെ വയൽപുര ഭാഗങ്ങളിൽ വീണ്ടും വെള്ളം കയറി

കൊയിലാണ്ടി: കനത്ത മഴയിൽ കൊരയങ്ങാട് ഡിവിഷനിലെ വയൽപുര ഭാഗങ്ങളിൽ വീണ്ടും വെള്ളം കയറി. ഇക്കഴിഞ്ഞ മഴയിൽ ഇവിടെയുള്ള നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞ് പോവുകയും, മഴ ഒഴിഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടർന്ന് വീണ്ടും കുടുംബങ്ങൾ തിരിച്ചെത്തിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളു. കനത്ത മഴ തുടരുകയാണെങ്കിൽ വീണ്ടും വീടൊഴിഞ്ഞ് പോകെണ്ട അവസ്ഥയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ഈസ്റ്റ് കടകളിൽ വരെ വെള്ളം കയറി നാശനഷ്ടം സംഭവിച്ചിരുന്നു. എല്ലാ കാലവർഷത്തിലും ഇവിടെയുള്ള വീടുകളിൽ വെള്ളം കയറുക പതിവാണെങ്കിലും ഈ വർഷത്തെ കനത്ത മഴ സ്ഥിതി കുടുതൽ ഗുരുതരമാക്കി. സാധാരണയായി വെള്ളം ഒഴുകിപോവുന്ന ബപ്പൻകാട് റെയിൽവെ ഗേറ്റിന്റെ ഓവ്ചാൽ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി അടഞ്ഞതുമാണ് ദുരിതത്തിന് കാഠിന്യം കൂട്ടിയത്.

അടിപ്പാത നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇതുവരെ പണി പൂർത്തിയായിട്ടില്ല. വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ ഒരിക്കലും വെള്ളം കയറാതിരുന്ന കൊരയങ്ങാട് കരിമ്പാ പൊയിൽ മൈതാനവും ക്ഷേത്രവും വെള്ളത്തിലായിരുന്നു. കാലങ്ങളായി ഒഴുകിയിരുന്ന റെയിൽവെ ട്രാക്കനരികിലൂടെ ഒഴുക്ക് അടിപ്പാത നിർമ്മാണത്തെ തുടർന്ന് നിലച്ചത് ജനങ്ങൾക്ക് വിനയായിരിക്കുകയാണ്.

