കൊയിലാണ്ടി ഹാർബറിലെ മത്സ്യ സമരം ഒത്തുതീർപ്പായി

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യ ഇറക്കുമതിയുമായി ബന്ധപ്പെട്ടുണ്ടായ സമരം കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒത്തുതീർപ്പായി. ഇത് പ്രകാരം പുലർച്ചെ 5.30 മുതൽ മാത്രമെ പുറത്ത് നിന്നുള്ള മത്സ്യം ഇറക്കാൻ പാടുള്ളു. തദ്ദേശീയരായ മത്സ്യ തൊഴിലാളികൾ പിടിച്ചു കൊണ്ട് വരുന്ന മത്സ്യത്തിന് വില ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണം.
ഇത് സംബന്ധിച്ച് നേരത്തെ പമ്പരാഗത മത്സ്യ തൊഴിലാളികൾ കച്ചവടക്കാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പരിഹാരമാകാത്തതാണ് കഴിഞ്ഞ ദിവസം സമരം പ്രഖ്യാപിച്ചത്. ഇതെ തുടർന്ന് മത്സ്യം ഇറക്കാൻ സാധിച്ചിരുന്നില്ല. ഇറക്കുമതി മൽസ്യംത്തിന്റെ വില കുറവ് കാരണം പരമ്പരാഗത മൽസ്യതൊഴിലാളികളുടെ മൽസ്യത്തിന് വില ലഭിച്ചിരുന്നില്ല.

ഇന്ത്യയുടെ വിവിധ സ്ഥലങ്ങളായ ഗുജറാത്ത്, ചെന്നൈ, ഗോവ, മഹാരാഷ്ട്ര, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് കൊയിലാണ്ടി ഹാർബറിൽ മത്സ്യം എത്തുന്നത്. ചർച്ചയിൽ സി.ഐ.ക്ക്. പുറമെ പരമ്പരാഗത മത്സ്യ തൊഴിലാളി പ്രതിനിധികൾ, ബോട്ട് ഉടമകൾ, കച്ചവടക്കാർ തുടങ്ങിയവർക്ക് വേണ്ടി, വി.എം.രാജീവൻ, മഹേഷ് ബാബു, സന്തോഷ്, പ്രഭാകരൻ, പുരുഷു പവിത്രൻ, ശശി, അജിത്, ബിനീഷ് തുടങ്ങിയവരും പങ്കെടുത്തു.

