KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫയർ സ്റ്റേഷൻ നാൾവഴികൾ …

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫയർ സ്റ്റേഷൻ എന്ന ജനങ്ങളുടെ ചിരകാല സ്വപ്‌നം യാഥാർത്ഥ്യമാകാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ്. ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടുകൂടി കൊയിലാണ്ടി മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ് വേദിയാകുന്നത്. ഒരു ഫയർ സ്റ്റേഷനെന്ന ജനതയുടെ കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിലെ വിക്ടറി ടാക്കീസ് അഗ്നിക്കിരയായ സമയത്താണ് ആദ്യമായി ഇവിടെ ഒരു ഫയര്‍‌സ്റ്റേഷൻ എന്ന ആവശ്യം നാട്ടുകാരുടെ മനസ്സിൽ ഇടംപിടിച്ചത്. പക്ഷെ ആ ആവശ്യം ഉയർത്തിപ്പിടിച്ച് അന്നത്തെ പഞ്ചായത്ത് ഭരണകൂടത്തിനോ പ്രതിപക്ഷത്തിനോ ഒരു ചെറുവിരലനക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

തുടർന്ന് കൊയിലാണ്ടിയിലും പരിസരത്തും തീപിടുത്തങ്ങളും, ദുരന്തങ്ങളുമുണ്ടാകുമ്പോൾ ജില്ലയിലെ ഏറ്റവും അടുത്തുകിടക്കുന്ന കോഴിക്കോട് ഫയർഫോഴ്‌സ് യൂണിറ്റിൽ നിന്ന് ജീവനക്കാരും വാഹനവും എത്തിച്ചേരേണ്ട അവസ്ഥയായിരുന്നു ഉണ്ടായത്. മണിക്കൂറുകൾ കഴിഞ്ഞ് ഫയർഫോഴ്‌സും സന്നാഹങ്ങളും എത്തിച്ചേരുമ്പോഴേക്കും എല്ലാം കത്തിയമരുന്ന ദുരനുഭവമായിരുന്നു കൊയിലാണ്ടിയുടേത്. സമീപകാലത്താണ് വടകരയിലും, പേരാമ്പ്രയിലും ഫയര്‍‌സ്റ്റേഷൻ നിലവിൽ വന്നത്. എന്നാലും കിലോമീറ്ററുകൾതാണ്ടി കൊയിലാണ്ടിയിൽ എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരിക്കും അത്രയേറെ വാഹനപെരുപ്പമാണ് നാഷണൽ ഹൈവേയിലുള്ളത്.

പിന്നീടുള്ള മുപ്പത് വർഷത്തിലേറെയായി ഫയർ സ്റ്റേഷന് വേണ്ടി നാട്ടുകാരുടെയാകെ മുറവിളിയായരുന്നു. അതിനിടയിൽ നൂറുകണക്കിന് ദുരന്തങ്ങളാണ് കൊയിലാണ്ടിയിൽ ഉണ്ടായത്. 1996 ഇ. കെ. നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും, കൊയിലാണ്ടി സ്‌പെഷ്യൽ ഗ്രേഡ് പഞ്ചായത്തിനെ നഗരസഭയാക്കി ഉയരത്തുകയുമുണ്ടായി. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ യൂ. ഡി. എഫിൽ നിന്ന് അധികാരം പിടിച്ചെടുത്ത്‌കൊണ്ട് കെ. ദാസൻ കൊയിലാണ്ടി നഗരസഭയുടെ പ്രഥമ ചെയർമാനാകുകയും ചെയ്തു. തുടർന്ന് പി. വിശ്വൻ എം. എൽ. എ. യും, ചെയർമാൻ കെ. ദാസനും ഫയര്‍‌സ്റ്റേഷന് വേണ്ടി വലിയ പ്രയത്‌നമാണ് നടത്തിയിട്ടുള്ളത്. ഇതോടുകൂടി കൊയിലാണ്ടി ഫയർ സ്റ്റേഷൻ എന്ന ജനങ്ങളുടെ ആവശ്യത്തിന് സംസ്ഥാന നിയമസഭയിൽ മുൻഗണന ലഭിക്കുകയും, തുടർന്ന് നായനാർ മന്ത്രിസഭയിലെ രണ്ടാമത്തെ ബജറ്റിൽതന്നെ കൊയിലാണ്ടിയിൽ ഫയര്‍‌സ്റ്റേഷന് തുക അനുവദിച്ച പ്രഖ്യാപനം വന്നതോടുകൂടി ഫയർ സ്റ്റേഷൻ എന്ന ജനങ്ങളുടെ സ്വപ്‌നങ്ങൾക്ക് ചിറക് വെക്കുകയായിരുന്നു.

Advertisements

തുടർന്ന് അഞ്ച് വർഷം ആന്റണിയും ഉമ്മൻചാണ്ടിയും ഭരിച്ചുപോയതിന്‌ശേഷം വി. എസ്. അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഗവർമെന്റാണ് പിന്നീട് ഫയര്‍‌സ്റ്റേഷന് വേണ്ടി ബജറ്റിൽ തുക വകയിരുത്തിയത്. കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ ഇരു മുന്നണികളും, ബി. ജെ. പി. യും മുഖ്യ വിഷയമാക്കുന്ന ഒന്നായി ഇവിടുത്തെ ഫയർ സ്റ്റേഷൻ മാറിയിരുന്നു. അതും ഇനി ചരിത്രത്തിന്റെ ഭാഗമായി മാറും തീർച്ച.

2017 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടുകൂടി കെ. ദാസൻ എം. എൽ. എ.യും കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും തിരുവന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളും നീക്കങ്ങളും ഒടുവിൽ ഫയർ സ്റ്റേഷൻ എന്ന കൊയിലാണ്ടിയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ സാധിച്ചു. കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്‌സിലെ കിഴക്ക്ഭാഗത്തെ അനക്‌സ് ബിൽഡിംഗിലാണ് ഫയര്‍‌സ്റ്റേഷന് വേണ്ടി താൽക്കാലിക കെട്ടിടം സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ 25 ജീവനക്കാരടങ്ങിയ സംഘമാണ് ഇവിടെ ഉണ്ടാവുക.

ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിനകത്തൊരുക്കിയിട്ടുണ്ട്. അനക്‌സ് ബിൽഡിംഗിലെ 5 മുറികളും, എതിന് പുറത്തേക്കായി 2000 സ്‌ക്വയർഫീറ്റ്‌ലുള്ള പുതിയ താൽക്കാലിക കെട്ടിടം പുറത്തേക്ക് പണിതുകഴിഞ്ഞു. സ്റ്റേഷൻ ചുമതലയുള്ള ഓഫീസർമാർക്കും, മറ്റ് പ്രധാന ജീവനക്കാർക്കും പ്രത്യേകം ഓഫീസ് മുറികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫയർ വാഹനങ്ങൾ നിർത്തിയിടാനുള്ള വലിയ ഷെഡിന്റെയും വർക്കും പൂർത്തിയായി. അത്യാധുനിക സൗകര്യങ്ങളോട്കൂടിയ ഫയർഎഞ്ചിൻ, ആംബുലൻസ്, ജീപ്പ് എന്നിവ കൊയിലാണ്ടിയിൽ എത്തിക്കഴിഞ്ഞു. അവിടെ ഉദ്ഘാടനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്ന തിരക്കിലാണ് സംഘാടകസമിതിയും, ഉദ്യോഗസ്ഥരും.

സ്റ്റേഡിയത്തിന് മുൻവശമുള്ള ഭാഗത്താണ് ഉദ്ഘാടന വേദി തയ്യാറാക്കിയത്. കാലത്ത് 10 മണിക്കാണ് ഉദ്ഘാടനം മുഖ്യമന്ത്രി എത്തിയ ഉടനെ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിന്‌ ശേഷമാണ് പ്രധാന വേദിയിൽ ചടങ്ങുകൾ സംഘടിപ്പിക്കുകയെന്നറിയുന്നു.

സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി പത്രസമ്മേളനവും നടത്തി. പത്രസമ്മേളനത്തിൽ കെ. ദാസൻ എം. എൽ. എ, ചെയർമാൻ അഡ്വ: കെ. സത്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജുമാസ്റ്റർ, കെ. കെ. മുഹമ്മദ്, മാങ്ങോട്ടിൽ സുരേന്ദ്രൻ, വി. പി. ഇബ്രാഹിംകുട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *