കൊയിലാണ്ടി പതിനേഴാം മൈൽസിൽ വാഹനാപകടം ഡ്രൈവർക്ക് പരിക്ക്
കൊയിലാണ്ടി> ദേശീയപാതയിൽ പതിനേഴാം മൈൽസിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. മധുരയിൽനിന്ന് തളിപ്പറമ്പിലേക്ക്‌പോകുന്ന ടൂറിസ്റ്റ് ബസ്സും വടകര ഭാഗത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽ പെട്ടത്. ലോറിക്കുളളിൽ കുടുങ്ങിയ നാദാപുരം മീത്തലെ പുത്തൻപുരയിൽ ഷമീർ (26) നെ നാട്ടുകാരും പോലീസും വടകരയിൽനിന്നെത്തിയ ഫയർഫോഴ്‌സും ചേർന്ന് ലോറിയുടെ ബോഡി വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഷമീറിനെ അടിയന്തിരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വലത് കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബസ്സിലുണ്ടായിരുന്ന 16 പേർ നിസ്സാര പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
