KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ തീര മേഖലയ്ക്ക് അടിയന്തരമായി 2000 ഡോസ് വാക്സിൻ അനുവദിക്കണമെന്ന് ചെയർപേഴ്സൺ കലക്ടറോട് ആവശ്യപ്പെട്ടു

കൊയിലാണ്ടി: നഗരസഭയ്ക്ക് അടിയന്തരമായി 2000 ഡോസ് വാക്സിൻ അനുവദിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ ജില്ലാ കലക്ടറോഡും, ജില്ല മെഡിക്കൽ ഓഫീസറോടും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് കലക്ടർക്ക് കൈമാറി. 44 വാർഡുകളും 75000 ജനസംഖ്യയുമുളള കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ നഗരസഭയാണ് കൊയിലാണ്ടി. നഗരസഭയുടെ 4 വാർഡുകൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ കീഴിലും, 6 വാർഡുകൾ അരിക്കുളം സി.എച്ച്.സി.യുടേയും, ബാക്കിയുളള 34 വാർഡുകൾ തിരുവങ്ങൂർ പി.എച്ച്.സി യുടെ കീഴിലുമാണ്. 3 ആരോഗ്യ സ്ഥാപനങ്ങളിലൂടെയും മറ്റ് ഓൺലൈൻ മാർഗ്ഗത്തിലൂടേയും നഗരസഭയിലെ 18 വയസ്സിന് മുകളിലുളള 10% ആളുകൾക്ക് പോലും നിലവിലെ വാക്‌സിൻ ലഭിച്ചിട്ടില്ലെന്നാണ് സർവ്വെ പ്രകാരം കണ്ടെത്തിയിട്ടുളളത്. നഗരസഭയുടെ 11 ഓളം വാർഡുകൾ തീരമേഖലയും ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികൾ താമസിക്കുന്ന ഇടം കൂടിയാണ്.

കൂടാതെ സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിങ് ഹാർബറും ഫിഷ് ലാന്റിങ് സെന്ററും കൊയിലാണ്ടി നഗരസഭയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ തീരപ്രദേശത്തെ 3 വാർഡുകൾ കെണ്ടെയിൻമെന്റ് സോണിലാണ്. കൂടാതെ ട്രോളിംഗ് നിരോധനം പിൻവലിക്കുന്നതോടെ മത്സ്യത്തൊഴിലാളികൾ വാക്‌സിൻ എടുക്കാതെ ഒന്നിച്ച് മത്സ്യബന്ധനത്തിന് പോകാനും സാധ്യതയുണ്ട്. വാക്‌സിനെടുക്കാതെ മത്സ്യബന്ധനത്തിന് പോകുന്നത് തീരപ്രദേശത്തെ കോവിഡ് തീവ്ര വ്യാപനത്തിന് ഇടയാകുമെന്നും ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ നഗരസഭയ്ക്ക് ഇപ്പോൾ അനുവദിച്ച വാക്‌സിനുകളുടെ അളവ് ജനസംഖ്യാനുപാതികമായി നോക്കിയാൽ പോലും വളരെ തുച്ഛമാണ്. ഇത് വർദ്ധിപ്പിക്കുകയും നഗരസഭയിലെ തീര പ്രദേശത്തേക്ക് മാത്രമായി 2000 ഡോസ് അധിക വാക്‌സിൻ അടിയന്തിരമായി അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ചെയർപേഴ്സൺ കത്തിൽ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *