കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടം നവംബർ 6ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നവംബർ 6 ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. കെ. ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. 20 കോടി രൂപ ചിലവിൽ 6 നില കെട്ടിടത്തിൻ്റെ പണി പൂർത്തിയായിട്ട് രണ്ട് വർഷത്തോളമായി. നേരത്തെ രണ്ട് തവണ ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നു. കഴിഞ്ഞ വി. എസ്. സർക്കാർ അധികാരത്തിലുള്ള സമയത്താണ് ആശുപത്രിക്ക് ഫണ്ട് അനുവദിച്ചത്.
പുതിയ കെട്ടിടത്തിൽ ഇനിയും സൗകര്യങ്ങൾ ഏർപ്പെടുത്താനുണ്ട്. ദിവസേന 2500ൽ അധികം ആളുകൾ ചികിൽസക്കായി എത്തുന്ന താലൂക്ക് ആശുപത്രി പുതിയ കെട്ടിടം പൂർണ്ണ സജ്ജമാകുന്നതോടെ രോഗികൾക്ക് ഏറെ സഹായകമാവും. കഴിഞ്ഞ മാസം ഒ.പി.വിഭാഗവും, അത്യാഹിത വിഭാഗവും, കുട്ടികളുടെ വാർഡും പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

