കൊയിലാണ്ടി ചെറിയമങ്ങാട് പ്രമോദ് വധകേസ്: പ്രതിക്ക് ജീവപര്യന്തവും, മൂന്ന് വർഷം കഠിന തടവും
കൊയിലാണ്ടി: ചെറിയമങ്ങാട് പ്രമോദ് വധകേസിലെ പ്രതിക്ക് ജീവപര്യന്തവും, മൂന്ന് വർഷം കഠിന തടവും വിധിച്ചു. പ്രതി ചെറിയമങ്ങാട് വേലി വളപ്പിൽ വികാസിനാണ് ജീവപരന്ത്യവും, മൂന്ന് വർഷം കഠിന തടവും, 2 ലക്ഷം രൂപ പിഴയും വിധിച്ചത്. കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് കെ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനത്തിൽ പരിക്ക് പറ്റിയ പ്രമോദിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നത് വികാസ് തടഞ്ഞിരുന്നു.

തുടർന്ന് കൊയിലാണ്ടി എസ്.ഐ. ഷിജു എബ്രഹാം, വിജേഷ്, ഡ്രൈവർ ഒ.കെ. സുരേഷ്, തുടങ്ങിയവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും, 15-ാം തിയ്യതി പുലർച്ചെ മരണമടയുകയായിരുന്നു. പ്രമോദിൻ്റെ പരുക്ക് ഗുരുതരമായതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കൗണ്ടർ കേസ് കൊടുക്കാനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ എത്തിയ പ്രതിയെ സി.ഐ. ഉണ്ണികൃഷ്ണൻ സമർത്ഥമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മേപ്പയ്യൂർ സി.ഐ. ആയ കെ. ഉണ്ണികൃഷ്ണനാണ് കേസന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ കെ.എം. ജയകുമാർ ആണ് കേസ് വാദിച്ചത്.


