കൊയിലാണ്ടിയിൽ ശുചിത്വ ഭവനം പദ്ധതി നടപ്പിലാക്കുന്നു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ ” ശുചിത്വ ഭവനം” പദ്ധതിക്ക് തുടക്കമിടുകയാണ്. പകർച്ചവ്യാധി പടരാത്ത, രോഗാതുരമല്ലാത്ത ഒരു നഗരമായി കൊയിലാണ്ടിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ മുഴുവൻ വീടുകളും ശുചിത്വമുള്ളതാക്കി മാറ്റുന്നതിന് വേണ്ടി ഓരോ വാർഡിലുമുള്ള അയൽക്കൂട്ട പരിധിയിലെ 25 വീടുകളിൽ നിന്ന് ഒരു ശുചിത്വ ഭവനം തെരഞ്ഞെടുക്കുകയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം ഒരു വാർഡിൽ നിന്ന് ഒരു ശുചിത്വ ഭവനം തെരഞ്ഞെടുക്കുക എന്നതാണ്.
ഓരോ വാർഡിൽ നിന്നും ഒരു വീട് വീതം 44 വാർഡുകളിൽ നിന്ന് 44 ശുചിത്വ ഭവനങ്ങൾ തെരഞ്ഞെടുത്ത് അതിൽ നിന്നും നഗരസഭയിലെ ശുചിത്വ ഭവനം തെരഞ്ഞെടുക്കുക എന്നതാണ് മൂന്നാം ഘട്ടം. ഒന്നും രണ്ടും ഘട്ടം പൂർത്തീകരിച്ചു കഴിഞ്ഞു. ഗ്രേഡിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ശുചിത്വ ഭവനം തെരഞ്ഞെടുപ്പ് ഈ മാസം അവസാനത്തോടെ പൂർത്തിയാവും. ശുചിത്വ ഭവനത്തിന് സ്വർണ്ണ സമ്മാനവും തെരഞ്ഞെടുക്കപ്പെടുന്ന 10 ഭവനങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും 44 ഭവനങ്ങൾക്കും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകും. ഈ പദ്ധതിയുമായി കൊയിലാണ്ടിയിലെ “ഇഷാന ഗോൾഡ്” കൈകോർക്കുന്നു. 2018 നവംബർ 1ന് നഗരസഭ ശുചിത്വ ഭവന പ്രഖ്യാപനം നടത്തും.

