കൊയിലാണ്ടിയിൽ ഇന്ന് 3 പേർക്ക് കോവിഡ്. മൂടാടിയിൽ – 2

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 3 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. 1, 8, 20 വാർഡുകളിലാണ് ഓരോരുത്തർക്ക് വീതം കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ ഇന്നലെ നടത്തിയ 132 പേരുടെ പി.സി.ആർ. പരിശോധനയിൽ 1 ആൾക്കും 2 പേർക്ക് ആന്റിജൻ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത് പകുതിയിലധികം റിസൽട്ട് ഇനിയും വരാനുണ്ടെന്നാണ് അറിയുന്നത്.
ഇപ്പോൾ കിട്ടിയ (6.30 pm) വാർത്തയനുസരിച്ച് നഗരസഭ മണമൽ ഹോമിയോ ആശുപത്രി പ്രദേശം ഉൾക്കൊള്ളുന്ന 17-ാം വാർഡിൽ 1 പോസിറ്റീവ് കേസുകൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കോഴിക്കോട് സ്വാകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് കൊയിലാണ്ടിയിൽ 4 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

നഗരസഭയിലെ പാതിരിക്കാട് 1-ാം വാർഡിലാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയോടൊപ്പം കൂട്ടിരിപ്പിലായിരുന്ന യുവാവിനാണ് കോവിഡ്. കഴിഞ്ഞ 5 ദിവസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. സമ്പർക്കപട്ടികയിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് അറിയുന്നത്.


കളത്തിൽ കടവിൽ 8-ാം വാർഡിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച വ്യക്തിയുടെ സഹോദരിയുടെ മകൾക്കാണ് രോഗം ഉണ്ടായത്. നിലവിൽ കണ്ടെയിൻമെൻ്റ് സോണിലാണ് വാർഡ്. കൂടുതലാളുകളുമായി സമ്പർക്കമില്ലെന്നാണ് അറിയുന്നത്.

മുത്താമ്പി 20-ാം വാർഡിലാണ് ഒരു കോവിഡ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് പി.ഡബ്ല്യു.ഡി.യിൽ ജീവനക്കാരനാണ് ഇയാൾ. ഇവരുടെ ഭാര്യക്കും പേരാമ്പ്രയിലുള്ള ഭാര്യ വീട്ടിലെ രണ്ടുപേർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നുള്ള സമ്പർക്കമാണ് രോഗകാരണമെന്നറിയുന്നു. എല്ലാവരും പേരാമ്പ്രയിൽ തന്നെ കഴിയുകയാണ്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയോളമായി നീരീക്ഷണത്തിൽ കഴിയുന്ന ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.
മൂടാടിയിലും ഇന്ന് രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 12, 14 വാർഡുകളിലാണ് ഇന്ന് ഓരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ അടുത്ത ബന്ധുക്കൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

