കൊയിലാണ്ടിതാലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തുന്ന അനശ്ചിതകാല സമരം 16ാം ദിവസം

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ ആറ് നിലകെട്ടിടം തുറന്നുകൊടുത്ത് രോഗികളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ നടത്തുന്ന അനശ്ചിതകാല സത്യാഗ്രഹ സമരം 16ാം ദിവസം കടന്നു. ഡിസംബർ 4 മുതലാണ് അനശ്ചിതകാല സമരം ഡി.സി.സി.പ്രസിഡണ്ട് ടി.സിദ്ദീഖ് ഉൽഘാടനം നിർവ്വഹിച്ചത്.
20 കോടിയോളം രുപ ചിലവഴിച്ചാണ് ആറു നില കെട്ടിടം പൂർത്തിയാക്കിയിട്ട് രണ്ട് വർഷത്തോളമായെങ്കിലും തുറന്നുകൊടുക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായിട്ടില്ല. കെട്ടിടത്തിന് ഇനിയും നഗരസഭ കെട്ടിട നമ്പർ നൽകിയിട്ടില്ല. ഇത് കാരണം വൈദ്യുതിയും ലഭിച്ചിട്ടില്ല. ഏറ്റവും ആവശ്യം വേണ്ടിയിരുന്ന റാംബ് സംവിധാനവും നിർമ്മിച്ചിട്ടില്ല. കെട്ടിട നമ്പർ ലഭിക്കാത്തത് കാരണമാണ് വൈദ്യുതി ലഭിക്കാത്തതെന്നാണ് പറയുന്നത്.

കോൺഗ്രസ്സിന്റെ സമരം 16ദിവസമായിട്ടും നഗരസഭാ അധികൃതരും, സ്ഥലം എം.എൽ.എ.യും ഇക്കാര്യത്തെ കുറിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ല. എന്നാൽ ഇവരുടെ സംയുക്ത പ്രസ്താവനയിൽ ജനുവരിയിൽ ആശുപത്രി തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ജനുവരിയിൽ തുറക്കക്കണമെങ്കിൽ ഇനിയും ഏറെ കടമ്പകൾ കടക്കെണ്ടതുണ്ട്.

കോൺഗ്രസ് പ്രവർത്തർ ദിവസവും കാലത്ത് 10 മണിക്ക് തുടങ്ങുന്ന സമരം വൈകീട്ട് 5 മണിക്കാണ് സമാപിക്കുക. ദിവസേനെ ഓരോ മണ്ഡലം കമ്മിറ്റികളാണ് സമരപന്തലിൽ ഇരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്ന് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. തിങ്കളാഴ്ച നടന്ന സമരം മുൻ ഡി.സി.സി.പ്രസിഡണ്ട് കെ.സി.അബു ഉൽഘാടനം ചെയ്തു. എം.കെ.സായീഷ് അദ്ധ്യക്ഷത വഹിച്ചു. ആനയെ വാങ്ങിയിട്ട് തോട്ടി വാങ്ങാൻ കഴിവില്ലാത്ത ഭരണാധികാരികൾ നാടിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

