കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്നു ഹൈക്കോടതി

കൊച്ചി: പോണ്ടിച്ചേരി ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്നു ഹൈക്കോടതി. കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാനുളള 2018 ലെ നിയമ ഭേദഗതി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എസ് വി ഭട്ട് ഉത്തരവിട്ടത്. എന്നാല്‍ സംസ്ഥാനത്ത് പുറത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കേരളത്തില്‍ ഒറ്റത്തവണ നികുതി ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേരള മോട്ടോര്‍വാഹനനിയമം 3(6) പ്രകാരം ഒരു വര്‍ഷം 30 ദിവസത്തിലധികം വാഹനം തുടര്‍ച്ചയായി കേരളത്തില്‍ ഓടിച്ചാല്‍ ആജീവനാന്ത നികുതിയുടെ പതിനഞ്ചിലൊന്ന് ഈടാക്കാമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. 15 കൊല്ലത്തെ നികുതി വാഹനത്തിന്റെ ആജീവനാന്തനികുതിയെന്നുളള വ്യവസ്ഥ കോടതി ശരിവച്ചു. പഴയ വ്യവസ്ഥ പ്രകാരം 30 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുളള വാഹന ഉപയോഗത്തിന് വര്‍ഷം 1500രൂപയാണ് അടയ്‌ക്കേണ്ടത്. നിയമഭേദഗതിയിലൂടെ ഇത് ആജീവനാന്തനികുതിയുടെ പതിനഞ്ചില്‍ ഒന്നാക്കിരുന്നു. ആഡംബരവാഹനങ്ങള്‍ക്ക് വിലയുടെ 20 ശതമാനമാണ് കേരളത്തിലെ ആജീവനാന്തനികുതി.

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ അധിക നികുതി ആവശ്യപ്പെട്ടു ആര്‍.ടി.ഒമാര്‍ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് 80ല്‍ അധികം വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നില്ലെന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ഉടമകള്‍ക്കുണ്ടെന്നും വാഹനങ്ങള്‍ ഓടുന്നില്ലെന്നു തെളിയിച്ചാല്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ഒറ്റത്തവണ നികുതി അടച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നു കാണിച്ച് ആര്‍ ടി ഓമാര്‍ അയച്ച നോട്ടീസ് കോടതി റദ്ദാക്കി. രജിസ്‌ട്രേഷന്‍ റദ്ദാക്കാനുളള അവകാശം അതു നല്‍കിയ അധികാരികള്‍ക്ക് മാത്രമേയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ഹര്‍ജിക്കാരായ വാഹന ഉടമകള്‍ നാലാഴ്ചയ്ക്കകം ബന്ധപ്പെട്ട അധികാരികള്‍ക്ക് വിശദീകരണം നല്‍കണമെന്നും കേരളത്തില്‍ തുടര്‍ച്ചയായി 30 ദിവസം ഉപയോഗിച്ചിട്ടില്ലെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. ഒരു വാഹനത്തിന് രണ്ടിടത്ത് രജിസ്‌ട്രേഷന്‍ നല്‍കാന്‍ കഴിയില്ലെന്നും തിരിച്ചറിയല്‍ രേഖയിലെ മേല്‍വിലാസം മാത്രം ആസ്പദമാക്കി വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
