കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു

കൊച്ചി > കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മുന്നറിയിപ്പോ, നോട്ടിസോ നല്‍കാതെ ഐടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. അമേരിക്കന്‍ കമ്പനിയായ സെറോക്സിന്റെ സഹസ്ഥാപനമായ കോണ്ടുവന്റ് കമ്പനിയാണ് മാനദണ്ഡം ഒന്നും പാലിക്കാതെ 30 ജീവനക്കാരെ പിരിച്ചുവിട്ടത്. ഡാട്ട്നെറ്റ് ജാവാ ഡെവലപ്പ്മെന്റ് ടീമായ ബക്കില്‍ (ആൌരസ) നിന്ന് മാത്രം 14 പേരെ പിരിച്ചുവിട്ടു. ഇതോടെ ഇന്‍ഫോപാര്‍ക്കില്‍ വിവിധ കമ്പനികളില്‍ നിന്ന് കഴിഞ്ഞിടെ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം അഞ്ഞൂറിലേറെയായി. ടിസിഎസില്‍ നിന്ന് മാത്രം 200 പേരെ പിരിച്ചുവിട്ടിരുന്നു.
സെറോക്സ് കമ്പനി കോണ്ടുവെന്റ് ആയതിന്റെ ബ്രാന്‍ഡിങ് ചടങ്ങുകള്‍ സിയാല്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വലിയ ആഘോഷമായി നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത് പിറ്റേദിവസം കമ്പനിയില്‍ ജോലിക്കെത്തിയപ്പോഴാണ് പിരിചുവിട്ടതറിഞ്ഞതെന്ന് ജീവനക്കാര്‍ പറയുന്നു.

തിങ്കളാഴ്ച്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഓരോരുത്തരെയായി എച്ച്ആര്‍ റൂമിലേക്ക് വിളിപ്പിച്ച് ഇത് നിങ്ങളെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുകയാണെന്നും നഷ്ടപരിഹാരമായി രണ്ടു മാസത്തെ ശമ്പളം തരാം അടുത്ത ദിവസം മുതല്‍ ജോലിക്ക് വരേണ്ടെന്നും അറിയിക്കുകയായിരുന്നു. എച്ച്ആര്‍. റൂമില്‍നിന്ന് ഇറങ്ങിയ ജീവനക്കാര്‍ക്ക് പിന്നീട് മെഷീന്‍ ആക്സസോ മുറിക്കുള്ളില്‍ ലോഗിന്‍ ചെയ്യാനോ കഴിഞ്ഞില്ലത്രെ. കമ്പനിയില്‍ നിന്ന് സ്വന്തം നിലയ്ക്ക് വിടുതല്‍ നേടാന്‍ രണ്ടുമാസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യപ്പെടുന്ന കമ്പനിയാണ് ഒരു നോട്ടീസുമില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ടത്. എന്തു മാനദണ്ഡം ഉപയോഗിച്ചാണ് പിരിച്ചുവിട്ടതെന്നുപോലും ജീവനക്കാര്‍ക്ക് അറിയില്ല. പിരിച്ചുവിടപ്പെടവരില്‍ 12 വര്‍ഷം സര്‍വ്വീസുള്ളവര്‍ വരെയുണ്ട്.

കമ്പനിക്ക് ഇനി മുതല്‍ പുതിയ വര്‍ക്കിംഗ് മോഡലായിരിക്കുമെന്നും അതിന് അനുസരിച്ച് ടീമിനെ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്ടുവെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുഎസ് ആസ്ഥാനത്ത്നിന്ന് മെയില്‍ വന്നിരുന്നതായി മാനേജര്‍മാര്‍ സ്ഥിരീകരിക്കുന്നു. സെറോക്സ് വിഭജിച്ച് കോണ്ടുവെന്റ് രുപീകരിച്ചപ്പോള്‍ തന്നെ ജീവനക്കാരില്‍ പലരും അപകടം മണത്തിരുന്നു. കൊച്ചിയിലെ ഏതാണ്ട് 90 ശതമാനം ജീവനക്കാരെയും കോണ്ടുവെന്റിന്റെ കീഴിലേക്ക് മാറ്റി. 4000 പേരുണ്ടായിരുന്ന സെറോക്സില്‍ ഇപ്പോള്‍ ജീവനക്കാരായി 200 ഓളം പേര്‍ മാത്രമാണുള്ളത്. ബാക്കിയുള്ളവരെ കോണ്ടുവെന്റിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്‍ഫോപാര്‍ക്കിലെ കമ്പനികളില്‍ നിന്ന് പിരിച്ചുവിടല്‍ നടക്കാറുണ്ടെങ്കിലും ഒരു മാനദണഡവും പാലിക്കാതെയുള്ള പിരിച്ചുവിടല്‍ ഇതാദ്യമാണെന്ന് ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നു. ഇത് ഇന്‍ഫോപാര്‍ക്കിലെ 25000ത്തോളം വരുന്ന ജീവനക്കാരിലാകെ വല്ലാത്ത അരക്ഷിതാവസ്ഥയുണ്ടാക്കിയതായും ജീവനക്കാര്‍ പറഞ്ഞു.
