കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണ് വനിതാ മതില്: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീ പ്രശ്നങ്ങള്‍ ഏറ്റെടുക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും വനിതാ മതില് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണെന്നും നാളെ അതൊരുവന്‍മതിലായിതന്നെ ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
നമ്മുടെ നാടിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടത്തില്‍ സമദൂരമുണ്ടോയെന്ന് ചിലര്‍ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതില്‍ നിന്നെല്ലാമാണ് സമദൂരമെന്നത് സ്വയമേവ പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണ് വനിതാ മതില്.

ആചാരമാറ്റത്തിന്റെ പേരിലാണ് ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കരുതുന്നില്ല. മുമ്ബും നിരവധി ആചാരങ്ങള്‍ മാറ്റിയിട്ടുണ്ട്. വനിതാ മതിലില്‍ പങ്കെടുത്താല്‍ എന്തോ നടപടി സ്വീകരിച്ചു കളയും എന്നെല്ലാം പറയുന്നവര്‍ രാജ്യത്തിന്റെ ഭരണഘടനയെയാണ് തള്ളിപറയുന്നത്.

മതനിരപേക്ഷത അടിസ്ഥാനമാക്കിയുള്ള ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. അതിനെ അടിസ്ഥാനമാക്കിയുള്ള കോടതിവിധിയെ അംഗീകരിക്കില്ല എന്നാണ് ചിലര്‍ പറയുന്നത്. ഇവര്‍ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ആചാരങ്ങള്‍ പലതും മാറ്റിതന്നെയാണ് നവോത്ഥാന കേരളം മുന്നോട്ട് പോന്നിട്ടുള്ളത്.

പണ്ട് നായര്‍ സമുദായത്തില്‍ മരുമക്കത്തായമായിരുന്നില്ലെ . അത് മാറിയില്ലെ. നമ്ബൂതിരിമാര് നായര്‍ സ്ത്രീകളെ സംബന്ധം ചെയ്താല്‍ അതിലുണ്ടാകുന്ന കുട്ടികള്‍ക്ക് സ്വത്തവകാശം ഇല്ലെന്ന് മാത്രമല്ല അച്ഛനെ തൊടാന്‍ പോലുമുള്ള അവകാശം ഉണ്ടായിരുന്നില്ല. അതെല്ലാം മാറിയില്ലേ.
ശബരിമലയില്‍തന്നെ ആചാരങ്ങള്‍ മാറ്റിയിട്ടില്ലേ. ആദ്യം മണ്ഡലമകരമാസകാലത്ത് മാത്രമായിരുന്നു ദര്‍ശനം അത് പിന്നീട് മലയാളമാസം ഒന്ന്മുതല്‍ അഞ്ചുനാള്‍ കൂടി ആക്കിയില്ലെ. സന്നിധാനത്ത് കൊടിമരം സ്ഥാപിച്ച് സ്വര്‍ണം പൂശിയില്ലേ. പതിനെട്ടാം പടിയില്‍ തേങ്ങയുടക്കുന്നത് മാറ്റിയില്ലേ.. ഭസ്മകുളത്തിലെ കുളി , 41 ദിവസത്തെ വ്രതാനുഷ്ഠാനം എന്നിവയെല്ലാം മാറിയില്ലേ.
കറുപ്പുനീലയും വസ്ത്രം ധരിച്ച് വന്നിരുന്നത് ഇപ്പോള്‍ ചിലര്‍ കാവി ധരിച്ചു വരുന്നില്ലേ. അന്നൊന്നുമില്ലാത്ത ആചാരസംരക്ഷണം ഇന്നെന്തിനാണ് ഉയര്‍ത്തുന്നത്. ആരാധനയില്‍ പുരുഷനൊപ്പം സ്ത്രീക്കും തുല്യതനല്‍കുന്ന വിധിയാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായത്.
മഹാരാഷ്ട്രയില്‍ ശനീശ്വരക്ഷേത്രത്തില്‍ ഹൈക്കോടതി വിധിപാലിച്ച് സ്ത്രീകളെ പ്രവേശിപ്പിച്ചു. പൊലീസ് ബലം പ്രയോഗിച്ചാണ് കോടതി വിധി സാധ്യമാക്കിയത്. പൂജാരിമാര്‍ക്കടക്കം പരിക്കേറ്റു. ഹാജി അലി ദര്‍ഗയിലും ആചാരം മാറ്റി സ്ത്രീകളെ പ്രവേശിപ്പിച്ചു. അവിടെ കോണ്‍ഗ്രസും ബിജെപിയുമാണ് പ്രധാനകക്ഷികള്‍. എന്നിട്ടും ആചാര സമരക്ഷണത്തിനായി വലിയ പ്രക്ഷോഭമൊന്നും നടത്തിയി്ല്ലല്ലോ.
അതുപോലെ ഉഡുപ്പിയിലെ മഡെസ്നാന എന്ന മോശം ആചാരം മാറ്റിയത് ശബരിമല വിധി വന്നശേഷമല്ലേ. അവിടെയൊന്നുമില്ലാത്ത പ്രതിഷേധമാണ് ഇവിടെ.
നാട്ടില്‍, രാജ്യത്ത് എല്ലാം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാറ്റങ്ങള്‍ അനിവാര്യമാണ്. ഇവിടെ സ്ത്രീ ശാക്തീകരണം തന്നെയാണ് വനിതാ മതില്‍കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകളെ നിര്‍ബന്ധിച്ച് മല കയറ്റുക എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമല്ല. എന്നാല്‍ സുപ്രീംകോടതി വിധിനടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. മുഖ്യമന്ത്രി പറഞ്ഞു.
