KOYILANDY DIARY.COM

The Perfect News Portal

കേരളത്തിനും മാലദ്വീപിനുമിടയ്ക്കുള്ള ഫെറി സര്‍വീസിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ഡല്‍ഹി: സമുദ്രമാര്‍ഗം യാത്രാ, കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഇന്ത്യയും മാലദ്വീപും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനവേളയില്‍ ജൂണ്‍ 8 നാണ് ധാരണാപത്രം ഒപ്പുവെച്ചത്.

മാലദ്വീപിന്റെ പ്രധാനപ്പെട്ട വികസന പങ്കാളിയാണ് ഇന്ത്യ. മാലദ്വീപിലെ പല പ്രമുഖ സ്ഥാപനങ്ങളും ഇന്ത്യ സ്ഥാപിച്ചതാണ്. നിലവില്‍ ദീര്‍ഘകാല വായ്പകളും വ്യാപാരത്തിനായുള്ള റിവോള്‍വിംഗ് ക്രെഡിറ്റുമടക്കം മാലദ്വീപിന് ഇന്ത്യ 100 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ വായ്പാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദ്വീപ്‌ സമൂഹത്തിന്റെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നഗരവുമായ മാലെയും മാലദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമായ കുല്‍ഹുധുഫുച്ചിയും കൊച്ചിയില്‍ നിന്ന് വിനോദ സഞ്ചാരികള്‍ക്കും ചരക്കു നീക്കത്തിനുമായി ഫെറി സര്‍വീസ് ആരംഭിക്കുന്നതിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളാണ്. കൊച്ചിയില്‍ നിന്ന് 708 കിലോമീറ്റര്‍ അകലെയാണ് മാലെ സ്ഥിതിചെയ്യുന്നത്. കുല്‍ ഹുധുഫുച്ചി 509 കിലോമീറ്റര്‍ അകലെയും. കുല്‍ഹുധുഫുച്ചിയും അതിനു ചുറ്റുമുള്ള ദ്വീപുകളും മാലദ്വീപിന്റെ വടക്കന്‍ ഭാഗത്തെ പ്രധാന ജനവാസകേന്ദ്രങ്ങളാണ്.

Advertisements

ഇന്ത്യക്കാര്‍ക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങളായി തിരഞ്ഞെടുക്കാവുന്ന നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്. നിലവില്‍ മാലെയിലേക്ക് എത്തിച്ചേരാന്‍ വിമാനങ്ങളും റിസോര്‍ട്ടുകളിലേക്ക് സീ പ്ലെയിനുകളുമാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിന് ചെലവു കൂടുതലാണ്. അതേസമയം കൊച്ചിയില്‍നിന്ന് സമുദ്രമാര്‍ഗമുള്ള ബന്ധിപ്പിക്കല്‍ വിനോദ സഞ്ചാരവും, ഇന്ത്യയുടെ ആരോഗ്യ, സൗഖ്യ ടൂറിസവും പ്രോത്സാഹിപ്പിക്കും. നിരവധി മാലദ്വീപുകാര്‍ വിദ്യാഭ്യാസത്തിനായി കേരളത്തിലേക്കും മറ്റു ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നുണ്ട്.

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ യാത്രാ, ചരക്കു നീക്കത്തിനായി സമുദ്രമാര്‍ഗമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് മാലദ്വീപുമായി ഈ ധാരണാപത്രം ഒപ്പുവെച്ചത്. ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ദ്ദിഷ്ട ഫെറി സര്‍വീസ് വലിയതോതില്‍ സഹായകരമാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *