KOYILANDY DIARY.COM

The Perfect News Portal

കെ. സുധാകരനെ കൊലപ്പെടുത്താൻ ശ്രമം ആർ. എസ്. എസ്. സംഘം അറസ്റ്റിൽ

കണ്ണൂര്‍ > കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനലിനെ മാരകായുധങ്ങളുമായി പൊലീസ് ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി. കണ്ണൂര്‍ അമ്പാടിമുക്കിലെ മെയ്ത്തിരി രജീഷിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പയ്യാമ്പലത്തെ വീടിന് സമീപത്താണ് സംഭവം.

രജീഷിന്റെ കൈവശം എസ് കത്തി ഉണ്ടായിരുന്നു. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സുധാകരന്റെ വീടിന് സമീപം ഒരു സംഘം പതുങ്ങിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആരോ പൊലീസിന് വിവരം നല്‍കുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ ഇവര്‍ വീട്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ശബ്ദം കേട്ട് മെയ്ത്തിരി രാജേഷിന്റെ കൂടെയുണ്ടായിരുന്നവര്‍ ബൈക്കുകളില്‍ രക്ഷപെട്ടു. പൊലീസ് വാഹനത്തിന്റെ വാതില്‍ തുറന്നപ്പോള്‍ രക്ഷപെടാന്‍ കഴിയാത്ത വിധം രാജേഷ് കുടുങ്ങുകയായിരുന്നു. പരിശോധനയിലാണ് എസ് കത്തി കണ്ടെടുത്തത്.

പിടികൂടിയ ഉടനെ കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനിലെത്തിച്ചു. പിന്നീട് സിറ്റി സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി മാറ്റി. സുധാകരനെ ആക്രമിച്ച് കുറ്റം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവെക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായാണ് രജീഷിനെ രംഗത്തിറക്കിയതെന്ന് സംശയിക്കപ്പെടുന്നു. നിരവധി കേസുകളില്‍ പ്രതിയായ രജീഷ് ആര്‍എസ്എസിന്റെ ക്വട്ടേഷന്‍ സംഘത്തലവനാണ്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന കൂട്ടാളികളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിന്റെ പരിസരങ്ങളെ നിരവധി വീടുകള്‍ ഈ ക്വട്ടേഷന്‍ സംഘം തകര്‍ത്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത് പ്രതികള്‍ സിപിഐഎമ്മാണെന്ന് വരുത്താന്‍ ശ്രമിച്ചതും മെയ്ത്തിരി രജീഷിന്റെ നേതൃത്വത്തിലാണ്.

Advertisements
Share news