കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പുകയുയര്‍ന്നത് ഭീതി പടര്‍ത്തി
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പുകയുയര്‍ന്നത് ഭീതി പടര്‍ത്തി. ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പൊടുന്നനെ പുകയുയര്‍ന്നത് ഭീതി പടര്‍ത്തി. തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്നാണ് കുന്ദമംഗലം മുക്കം റോഡിലെ മത്സ്യ മാര്‍ക്കറ്റിൻ്റെ മുമ്പില്‍ വെച്ച് പുകയുയര്‍ന്നത്.

ഗിയര്‍ ബോക്സിനുള്ളില്‍ നിന്നും പുക വന്നത് മനസിലാക്കിയ ഡ്രൈവര്‍ മുക്കം സ്വദേശി ഉണ്ണിമോയിന്‍ ഉടനെ ബസ് നിര്‍ത്തി എത്രയും പെട്ടെന്ന് യാത്രക്കാരോട് ഇറങ്ങുവാന്‍ പറഞ്ഞു. രാവിലെ ആയതിനാല്‍ ബസില്‍ നല്ല തിരക്കുമുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും സമീപത്തുണ്ടായിരുന്ന കയറ്റിറക്ക് തൊഴിലാളികളും ചേര്‍ന്നാണ് എന്‍ജിനുള്ളിലെ തീയണച്ചത്.


