കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയറിന്റെ നട്ടുകള്‍ ഊരിത്തെറിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയറിന്റെ നട്ടുകള്‍ ഊരിത്തെറിച്ചു. ബൈക്ക് യാത്രക്കാരന്‍ തക്കസമയത്ത് കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ നടക്കാവ് ഇംഗ്ലീഷ് പള്ളി ജങ്ഷനു സമീപത്താണ് സംഭവം. ബസ് തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു. കിഴക്കേ നടക്കാവിലെ ബസ്സ്റ്റോപ്പ് മുതല്‍ ബസിന്റെ പിറകുഭാഗത്തെ ടയറിന്റെ നട്ടുകള്‍ ഊരിത്തെറിക്കുന്നുണ്ടായിരുന്നു.
ഇതുകണ്ട ബൈക്ക് യാത്രികന്‍ തലക്കുളത്തൂര്‍ പാവയില്‍ ചീര്‍പ്പിലെ ദിനേശ്കുമാര്‍ പിന്നാലെയെത്തി ഇംഗ്ലീഷ് പള്ളിക്ക് സമീപത്ത് ബസ് നിര്‍ത്തിച്ചു. അപ്പോഴേക്കും ടയറിന്റെ മുഴുവന്‍ നട്ടുകളും പോയിരുന്നു. അല്പദൂരം കൂടെ മുന്നോട്ടു പോവുകയായിരുന്നെങ്കില്‍ ടയര്‍ ഊരിത്തെറിച്ച് വന്‍ അപകടമുണ്ടാവുമായിരുന്നു. കിഴക്കേ നടക്കാവ് മുതല്‍ ഹോണടിച്ച് സംഭവം ശ്രദ്ധയില്‍പ്പെടുത്താന്‍ ദിനേശ്കുമാര്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ, ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഒടുവില്‍ ബഹളമുണ്ടാക്കി നിര്‍ത്തിക്കുകയായിരുന്നുവെന്ന് ദിനേശ്കുമാര്‍ പറഞ്ഞു.




