കൃഷി നശിച്ച വേളത്ത് കാര്‍ഷിക വിദഗ്ധര്‍ സന്ദര്‍ശിച്ചു

കുറ്റ്യാടി: പ്രളയത്തെ തുടര്‍ന്നുള്ള കൃഷിനാശവും രോഗങ്ങളും കീടബാധയും വിലയിരുത്തുവാന്‍ കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യാഗസ്ഥരും വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പള്ളിയത്തെ ബീന മാടോല്‍ നയിക്കുന്ന ഒരുമ കാര്‍ഷിക ഗ്രൂപ്പിന്റെ വിളനാശമാണ് സംഘം ആദ്യമായി വിലയിരുത്തിയത്. പച്ചക്കറി കൃഷിക്ക് സംസ്ഥാന, ജില്ലാതല അവാര്‍ഡുകള്‍ ലഭിച്ച ഈ വനിതാ സംഘത്തിന് വലിയ ദുരന്തമാണ് പ്രളയം വരുത്തി വച്ചത്. രണ്ടായിരത്തോളം വാഴകള്‍, അഞ്ച് ഏക്കര്‍ നെല്‍കൃഷി, മൂന്ന് ഏക്കര്‍ കരനെല്ല്, 2.5 ഏക്കര്‍ മഞ്ഞള്‍ കൃഷി എന്നിവ വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും നശിച്ചു.
കൂടാതെ നെല്‍പാടങ്ങളില്‍ ആഫ്രിക്കന്‍ പായല്‍ അടിഞ്ഞു കൂടി അടുത്ത സീസണില്‍ നെല്‍കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി. പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. പെരുവയലിലെ യുവകര്‍ഷകനായ മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിന്റെ സമ്മിശ്ര കൃഷിയും ഫാമും സംഘം സന്ദര്‍ശിച്ചു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമൂല്യങ്ങളായ വിവിധ ഫല വൃക്ഷങ്ങള്‍, പായ്ക്കു ചെയ്ത് വച്ച പാല്‍ ഉല്‍പ്പന്നങ്ങള്‍, വിത്തുതേങ്ങ, തൈകള്‍, ആട്, കോഴി, പശു എന്നിവയുടെ തീറ്റകള്‍ മുതലായവ നശിച്ചതിനുപരിയായി അറുനൂറോളം കരിങ്കോഴികള്‍, വിവിധ തരത്തില്‍പ്പെട്ട ഭക്ഷ്യ അലങ്കാര മത്സ്യങ്ങളും വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങി. ധാരാളം സന്ദര്‍ശകര്‍ എത്തുന്ന ഈ മാതൃകാ ഫാമിന് പ്രളയം വരുത്തി വച്ചത് വന്‍ ദുരന്തമാണ്.

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോ ഗ്രാം കോ ഡിനേറ്റര്‍ ഡോ: പി.രാമകൃഷ്ണന്‍, സബ്‌ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റുകളായ ഡോ: പി.എസ്.മനോജ്, ഡോ: എസ്.ഷണ്‍മുഖവേല്‍, ഡോ: ബി .പ്രദീപ്, ഡോ: കെ.കെ.ഐശ്വര്യ എന്നിവരും വേളം കൃഷി ഓഫീസര്‍ സായിറാം ഹരിദാസ് എന്നിവരുമാണ് സംഘത്തെ നയിച്ചത്. പ്രളയക്കെടുതിയുടെ വിശദമായ റിപ്പോര്‍ട്ട് ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു സമര്‍പ്പിക്കുമെന്ന് സംഘം പറഞ്ഞു. ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, നടുവണ്ണൂര്‍, ഉള്ളേരി, ഉണ്ണികുളം തുടങ്ങിയ പഞ്ചായത്തുകളിലും സംഘം സന്ദര്‍ശനം നടത്തി.

