കുറുവ സംഘത്തെ വീടുകളിലെത്തിച്ച് തെളിവെടുത്തു
എലത്തൂര്‍: കുറുവ സംഘത്തെ വീടുകളിലെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് അര് ധ രാത്രി വീടിനകത്തു കടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയും മുഖത്തടിച്ചും ആഭരണവും പണവും കവര്‍ന്നത്. ഞായറാഴ്ച വൈകീട്ട് നാലരമണിയോടെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവാ സംഘത്തില്‍ ഉള്‍പ്പെട്ട തമിഴ്നാട് തിരുപ്പുവനം വണ്ടാനഗര്‍ മാരിമുത്തു (ഐയ്യാറെട്ട് -50) തഞ്ചാവൂര്‍ ബുധല്ലൂര് അഖിലാണ്ഡേശ്വരി നഗര്‍ പാണ്ഡ്യന് (സെല്‍വി പാണ്ഡ്യന് – 40) എന്നിവരെ വീട്ടിലെത്തിച്ചത്. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് തലക്കുളത്തൂര്‍ എടക്കര പാണ്ഡ്യനും (തങ്കപാണ്ഡി – 47) അറസ്റ്റിലായിരുന്നു. മോഷണത്തില്‍ പങ്കാളിയല്ലെങ്കിലും കവര്‍ന്ന ആഭരണങ്ങള്‍ വിറ്റുനല്കുന്നത് ഇയാളായിരുന്നു. വീടിൻ്റെ അടുക്കളവാതില്‍ തകര്‍ത്ത രീതി മാരിമുത്തു പൊലീസിന് വിശദീകരിച്ചു.

ജൂലൈ 30ന് മോഷണം നടത്തിയ പുതിയങ്ങാടിയിലെ പാലക്കടയിലെ കോഴിക്കല്‍ ശോഭിത്തിൻ്റെ വീട്ടിലും തെളിവെടുപ്പിന് എത്തിച്ചു. മോഷണശേഷം നാട്ടില്‍ തങ്ങി കൂടുതല്‍ മോഷണത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും പൊലീസ് പരിശോധന കാരണം ഇവര്‍ മുങ്ങുകയായിരുന്നു. തങ്കപാണ്ഡ്യന്‍ പുതിയങ്ങാടിയിലെ ആക്രികടയില്‍ ജോലിചെയ്തിരുന്നു. സാധനങ്ങളും മറ്റും ശേഖരിക്കാനും പൊട്ടിയ ബക്കറ്റ് ഒട്ടിക്കാനുമെന്ന വ്യാജേനയെത്തിയാണ് കവര്‍ച്ചക്ക് വീട് കണ്ടുവെക്കുക. എസ്.ഐമാരായ കെ.ആര്. രാജേഷ്, കെ. രാജീവന്, കെ.എം. ശശി, കെ. പ്രദീപന്, സി.പി.ഒമാരായ ഷിമിന്, സൂരജ് പൊയിലില്‍ എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്. അഞ്ചുദിവസത്തേക്കാണ് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.


