കുനിയിൽ കടവിൽ മണൽകടത്ത് പിടികൂടി; ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി> തിരുവങ്ങൂർ കുനിയിൽ കടവിൽ നിന്നും അനധികൃതമായി കാറിൽ കടത്തുകയായിരുന്ന മണൽ കൊയിലാണ്ടി പോലീസ് കയ്യോടെ പിടികൂടി. തിരുവങ്ങൂർ ചാത്തനാരി ഹണീഷ് (31) നെയാണ് പിടികൂടിയത്. പൂഴികടത്തുകയായിരുന്ന കാറും കസ്റ്റഡിയിലെടുത്തു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ തിരച്ചിലിനിടയിലാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാവിലെ 10 മണിയോടുകൂടിയാണ് സംഭവം നടന്നത്. മണൽ ചാക്കിലാക്കി കാറിൽ കയറ്റി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുക പതിവായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പലപ്പോഴും ഇവർ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിടിച്ചെടുത്ത മണൽ പോലീസ് പുഴയിൽ നിക്ഷേപിച്ചു. കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി എസ്. എ. അറിയിച്ചു. റെയ്ഡിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ, ശ്രീജിത്ത്, ഗണേശൻ, ഡ്രൈവർ മനോജ്, എം. എസ്. പി. യിലെ രണ്ട് പോലീസുകാരും പങ്കെടുത്തു.
