കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍

പത്തനാപുരം: കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. പുന്നല കരിമ്പാലൂര്‍ ആര്‍ഷാഭവനില്‍ ഷിബു (42), ശ്രീലത (38) എന്നിവരെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ശരീരമാസകലം മുറിവേറ്റ ആര്‍ഷ(12), അശ്വിന്‍ (മൂന്ന്) എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍ഷയുടെ ശരീരഭാഗങ്ങളില്‍ അടിച്ചതിന്റെയും ചട്ടുകം കൊണ്ടു പൊള്ളിച്ചതിന്റെയും നിരവധി പാടുകളുണ്ട്. ഇളയ കുട്ടിയായ അശ്വിന്‍ കട്ടിലില്‍ മൂത്രമൊഴിച്ചതിനും ക്രൂരമായി മര്‍ദിച്ചു. കുട്ടികളെ അടുത്ത വീടുകളുമായോ ബന്ധുക്കളുമായോ സഹകരിക്കുന്നതിന് അനുവദിക്കാതെ മര്‍ദിക്കുകയും പാചകം ഉള്‍പ്പടെ വീട്ടുവേലകള്‍ ചെയ്യിക്കുന്നതും പതിവായിരുന്നു.കുരുന്നുകള്‍ക്കു നേരെയുളള ക്രൂരത കണ്ട അയല്‍വാസികള്‍ ഇവരുടെ അമ്മൂമ്മ ലളിതയെ വിവരം അറിയിക്കുകയായിരുന്നു. അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഗള്‍ഫിലായിരുന്ന ഷിബു കഴിഞ്ഞദിവസം തിരികെ പോകാനിരിക്കെയായിരുന്നു അറസ്റ്റ്.

പത്തനാപുരത്തെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്‍ഷ മര്‍ദനത്തെപ്പറ്റി ക്ലാസ് ടീച്ചറോട് നിരവധി തവണ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്. ആദ്യ ഭര്‍ത്താവിന്റെ വസ്തുവകകള്‍ കൈവശപ്പെടുത്തിയതിന്റെ പേരില്‍ ശ്രീലതക്കെതിരെ കേസ് നിലവിലുണ്ട്. ശ്രീലത ഭര്‍ത്താവിനെ ഉപേക്ഷിച്ചശേഷം സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ഷിബുവിനെ പ്രണയിച്ച് ഒപ്പം കൂടുകയായിരുന്നു.

ഷിബുവിന്റെ ആദ്യ ഭാര്യ മരണപ്പെട്ടു. സി.ഐ. എം. അന്‍വര്‍, എസ്.ഐ. പുഷ്പകുമാര്‍, എസ്.ഐ. ജോസഫ് ലിയോണ്‍ എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാലവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ഇവരെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

