കുടുംബശ്രീ വാര്‍ഷികം:സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: മെയ് 17,18,19 തീയ്യതികളിലായി കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും മന്ത്രിമാരായ കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, ലോകസഭാംഗങ്ങളായ എം.കെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ ഷാനവാസ്, എം.പി വീരേന്ദ്രകുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളും തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചെയര്‍മാനും എ പ്രദീപ് കുമാര്‍ എം.എല്‍.എ വര്‍ക്കിങ് ചെയര്‍മാനുമായി വിപുലമായ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്.
ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന വിവിധ സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കി. എം.എല്‍.എമാര്‍, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത സംഘാടകസമിതി രൂപീകരണ യോഗം എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി പ്രമോദ് വാര്‍ഷികാഘോഷ പരിപാടികള്‍ വിശദീകരിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 1065 സി.ഡി.എസുകളിലേയും ചെയര്‍പേഴ്‌സണ്‍മാര്‍ പങ്കെടുക്കുന്ന സംഗമം, ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പൊതുസമ്മേളനം എന്നിവയും വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ കവിത പി.സി, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായ ടി. ഗിരീഷ് കുമാര്‍, പി.എം ഗിരീഷന്‍ എന്നിവര്‍ സംസാരിച്ചു.

