കുടിവെള്ളം മുട്ടിയ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി ആശ്വാസമാകുന്നു

കൊടുവള്ളി: മണല്‍മാഫിയയുടെ കടന്നുകയറ്റം മൂലം കുടിവെള്ളം മുട്ടിയ നിരവധി കുടുംബങ്ങള്‍ക്ക് നഗരസഭയുടെ കുടിവെള്ള പദ്ധതി ആശ്വാസമാകുന്നു. കൊടുവള്ളി നഗരസഭ 2015-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ചോലയില്‍ കുടിവെള്ളപദ്ധതിയാണ് നാട്ടുകാരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നത്. പ്രദേശത്തുകൂടെ ഒഴുകുന്ന പൂനൂര്‍പ്പുഴയില്‍നിന്നും സമീപത്തെ സ്വകാര്യ സ്ഥലങ്ങളില്‍നിന്നും മണല്‍മാഫിയകള്‍ കോടിക്കണക്കിന് രൂപയുടെ മണലാണ് അനധികൃതമായി ഖനനം നടത്തിയിരുന്നത്.
തുടര്‍ന്ന് പ്രകൃതിസമ്പത്ത് കൊള്ള നടത്തുന്നവര്‍ക്കെതിരേ നാട്ടുകാരും പ്രകൃതി സ്നേഹികളും രംഗത്തിറങ്ങിയാണ് മണല്‍ക്കൊള്ള അവസാനിപ്പിച്ചത്. മുന്‍ കളക്ടറായിരുന്ന പി.ബി. സലീം മണല്‍ മാഫിയയെ പിടികൂടുന്നതിന് പല തവണ മിന്നല്‍പ്പരിശോധനകള്‍ നടത്തിയിരുന്നു. മണല്‍ മാഫിയകളെ അമര്‍ച്ചചെയ്യാത്തതിന് പോലീസിന് കളക്ടറില്‍നിന്ന് രൂക്ഷമായ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിരുന്നു. പ്രദേശത്തെ കുടിവെള്ളക്ഷാമം നേരിടുന്ന എണ്‍പത് കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ ഗുണം ലഭിക്കുന്നത്.

നഗരസഭാ ചെയര്‍പേഴ്സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഏ.പി. മജീദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ഹാജിറ ബീവി, കെ. ശിവദാസന്‍, സി.പി. നാസര്‍കോയ തങ്ങള്‍ ,ടി.പി. നാസര്‍, ടി.കെ. മുഹമ്മദ്, സി.കെ. മുഹമദ്, നാസര്‍, എന്‍.സി. റഷീദ്, കണ്‍വീനര്‍ എ.പി. മുനീര്‍ എന്നിവര്‍ സംസാരിച്ചു.

