കുഞ്ഞുങ്ങളുടെ ദാരുണ മരണം!!! പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും സന്ദര്‍ശിച്ചു. ജനരോക്ഷം ഭയന്ന് യോഗിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവുമായി യോഗി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ സംഭവത്തെ കുറിച്ച് പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.ക്രിമിനല്‍ കുറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങളോട് യോഗി മറുപടി പറയണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കൂടാതെ യോഗി രാജിവെയ്ക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കുരുന്നുകളുടെ മരണം: ഓഗസ്റ്റ് 10 വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. യുപിയിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. പിന്നീട് മണിക്കൂറുകള്‍ കൊണ്ട് മരണ സംഖ്യയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.

