KOYILANDY DIARY.COM

The Perfect News Portal

കിഫ്ബി: 8888 കോടിയുടെ പദ്ധതികള്‍ ടെന്‍ഡറിലേക്ക്

തിരുവനന്തപുരം : കേരള അടിസ്ഥാന സൗകര്യ വികസന നിധി ബോര്‍ഡിന്റെ കീഴില്‍ 8888 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നു. ബുധനാഴ്ച ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം 1113.30 കോടി രൂപയുടെ പദ്ധതികള്‍ക്കുകൂടി അംഗീകാരം നല്‍കിയതായി ധനമന്ത്രി ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് വന്‍കിട പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ഇതോടെയാണ് മൂന്നുഘട്ടത്തിലായി 8888 കോടിയുടെ അനുമതിയായത്.

823 കോടി രൂപയുടെ അടങ്കല്‍ വരുന്ന കേരള ഫൈബര്‍ നെറ്റ് വര്‍ക്ക് പദ്ധതിയാണ് ഇതില്‍ പ്രധാനം. വൈദ്യുതിബോര്‍ഡിന്റെ തൂണുകളും പ്രാദേശിക കേബിള്‍ നെറ്റ് വര്‍ക്കുകളും ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് സൌകര്യത്തിന്റെ വ്യാപനമാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഈ നെറ്റ്വര്‍ക്കിന്റെ പ്രയോജനം ലഭിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യമാണ് ഒരുക്കുന്നത്. സമ്പൂര്‍ണ ഇന്റര്‍നെറ്റ് സൌകര്യമുള്ള ആദ്യസംസ്ഥാനമായി കേരളം മാറും.

ശബരിമല മാസ്റ്റര്‍ പ്ളാന്‍ പ്രകാരമുള്ള 141.75 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരമായി. പമ്പയില്‍ സ്വീവറേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, നിലയ്ക്കല്‍, എരുമേലി, പമ്പാവാലി, കീഴില്ലം എന്നിവിടങ്ങളില്‍ താമസ സൗകര്യത്തോടെ ഇടത്താവളങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ആനയടി-കൂടല്‍ റോഡിനായി 109.13 കോടിയുടെ പദ്ധതിയും അംഗീകരിച്ചു. മുഴുപ്പിലങ്ങാട് ബീച്ച്‌ റിസോര്‍ട്ട് പദ്ധതിക്കായി 39.42 കോടി നീക്കിവച്ചു.

Advertisements

ഒരാഴ്ച മുമ്പ്‌ ചേര്‍ന്ന നിര്‍വാഹകസമിതി 1498 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. 100 കോടിക്കു താഴെ അടങ്കല്‍ വരുന്നവയ്ക്കാണ് നിര്‍വാഹക സമിതി അംഗീകാരം നല്‍കുന്നത്. ഇതിനു മുകളിലുള്ളതാണ് ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ 13 പദ്ധതികള്‍ക്ക് 378.35 കോടിയും പൊതുമരാമത്ത് വകുപ്പിന്റെ 43 പദ്ധതികള്‍ക്ക് 1002.73 കോടിയും കായിക യുവജനക്ഷേമവകുപ്പിന്റെ എട്ടു പദ്ധതികള്‍ക്ക് 117.89 കോടിയുമാണ് അനുവദിച്ചത്.

നാല് പ്രത്യേക ഉദ്ദേശ കമ്പനികളാണ് പദ്ധതി നടപ്പാക്കുക. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി കമ്ബനിക്ക് 378.35 കോടിയുടെയും കിറ്റ്കോയ്ക്ക് 117.89 കോടിയുടെയും കേരള റോഡ് ഫണ്ട് ബോര്‍ഡിന് 660.18 കോടിയുടെയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് 142.54 കോടിയുടെയും പദ്ധതികളാണ് അനുവദിച്ചത്. ടെന്‍ഡര്‍ അടക്കം ഈ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം.

ഒന്നാംഘട്ടത്തില്‍ 4022 കോടിയുടെ പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. രണ്ടാംഘട്ടത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി 8041.65 കോടിയുടെ പദ്ധതികള്‍ക്കും മൂന്നാംഘട്ടത്തില്‍ 449.03 കോടിയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ് ഐസക്, അംഗങ്ങളായ പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, നിയമ വകുപ്പ് സെക്രട്ടറി സി ജി ഹരീന്ദ്രനാഥ്, ധനവിഭവ സെക്രട്ടറി മിന്‍ഹാജ് ആലം, സ്വതന്ത്ര അംഗങ്ങളായ പ്രൊഫ. സുശീല്‍ ഖന്ന, സലിം ഗംഗാധരന്‍, രാധാകൃഷ്ണന്‍നായര്‍, സുദീപ്തോ മുണ്ട്ലേ, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ എം എബ്രഹാം എന്നിവരും പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *