കിഫ്ബി മസാല ബോണ്ട് 17 ന് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ലണ്ടന്‍ എക്സ്ചേഞ്ചില്‍ (എല്‍എസ്ഇ) മുഖ്യമന്ത്രി പിണറായി വിജയന് 17ന് ഔദ്യോഗികമായി ലിസ്റ്റു ചെയ്യും. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രാവിലെ എട്ടിന് (ഇന്ത്യന്‍ സമയം പകല്‍ 12.30ന്) നടക്കുന്ന ചടങ്ങില്‍ മണിമുഴക്കിയാണ് മുഖ്യമന്ത്രി ലിസ്റ്റ് ചെയ്യല്‍ ചടങ്ങ് നിര്‍വഹിക്കുക. ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ ഉദ്ഘാടനചടങ്ങ് നടത്തുന്നതും. നേരത്തെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലണ്ടന്‍ എക്സ്ചേഞ്ചില്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തിരുന്നു.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നെടുംതൂണായ കിഫ്ബി മസാലബോണ്ട് വില്‍പ്പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചത്. ലോകത്തില്‍ ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പ്പന നടക്കുന്നത് ലണ്ടന്‍ എക്സ്ചേഞ്ച് വഴിയാണ്. കിഫ്ബിയുടേതുള്‍പ്പെടെ 51,000 കോടി രൂപയിലേറെ മൂല്യമുള്ള ബോണ്ടുകളാണ് ഇവിടെ ഇതുവരെ വില്‍പ്പന നടന്നത്.

ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങിനു പിന്നാലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ പകല്‍ മൂന്നിന് (ഇന്ത്യന്‍ സമയം രാത്രി 7.30ന്) മുഖ്യമന്ത്രി പിണറായി വിജയന് കെഎസ്എഫ്ഇയുടെ യൂറോപ്യന്‍ പ്രവാസി ചിട്ടി ഉദ്ഘാടനം ചെയ്യും.

