കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ രക്ഷാബന്ധന്‍ ആഘോഷം! പ്രതിഷേധം ഭയന്ന് വിസി പിന്മാറി

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല ക്യാമ്ബസില്‍ ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാബന്ധന്‍ ചടങ്ങ് ഔദ്യോഗിക പരിപാടിയായെന്ന് ആക്ഷേപം. വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച സര്‍വകലാശാല ക്യാമ്ബസില്‍ രക്ഷാബന്ധന്‍ ദിനം വിപുലമായി ആഘോഷിച്ചത്.
രക്ഷാബന്ധന്‍ ചടങ്ങിന് സെമിനാര്‍ ഹാള്‍ വിട്ടുനല്‍കിയതും വിവാദമായി. നേരത്തെ, വൈസ് ചാന്‍സലര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവസാന നിമിഷം അദ്ദേഹം പിന്മാറി. വിസിക്ക് പകരം സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീന്‍ അമൃത് ജി കുമാറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

കര്‍ണ്ണാടക മുന്‍ എംഎല്‍സിയും ആര്‍എസ്‌എസ് നേതാവുമായ പ്രൊഫസര്‍ കെ ബാലകൃഷ്ണ ഭട്ട് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിചാര കേന്ദ്രം മുന്‍ വൈസ് പ്രസിഡന്റും സ്കൂള്‍ ഓഫ് കള്‍ച്ചറല്‍ ഡീനുമായ കെ ജയകുമാറാണ് ക്യാമ്ബസില്‍ രക്ഷാബന്ധന്‍ പരിപാടി നടത്താന്‍ മുന്‍കൈയെടുത്തത്.

നേരത്തെ, കേന്ദ്ര സര്‍വകലാശാലയിലെ കാവിവത്ക്കരണത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നന്ദിതാ നാരായണന് ക്യാമ്ബസില്‍ പ്രവേശനം നിഷേധിച്ചിരുന്നു. നന്ദിത ഇടത് അനുകൂലിയാണെന്ന് ആരോപിച്ചാണ് ക്യാമ്ബസില്‍ പ്രവേശനം നിഷേധിച്ചത്.

ഇതിനു പിന്നാലെയാണ് ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് സര്‍വകലാശാല പൂര്‍ണ്ണ പിന്തുണ നല്‍കിയ നടപടി വിവാദമായത്. ചടങ്ങിനെതിരെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വിസിയെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്താല്‍ കൂടുതല്‍ പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഭയന്നാണ് വിസി ജി ഗോപകുമാര്‍ അവസാന നിമിഷം ചടങ്ങില്‍ നിന്ന് പിന്മാറിയത്.
