കാലടിയില്‍ മുസ്ലിം പള്ളി കല്ലെറിഞ്ഞു പൊളിച്ച കേസില്‍ ലീഗ് നേതാക്കള്‍ പിടിയില്‍

മയ്യില്‍: നെല്ലിക്കപ്പാലം കാലടിയില്‍ മുസ്ലിം പള്ളി കല്ലെറിഞ്ഞു പൊളിച്ച കേസില്‍ ലീഗ് നേതാക്കള്‍ പിടിയില്‍. കാലടി സ്വദേശിയും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ അലസന്‍ ഖാദര്‍ എന്ന അബ്ദുള്‍ ഖാദര്‍ (28), മൊയ്തു നിസാമി (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷം മുമ്പാണ് പള്ളിക്കുനേരെ ഇവര്‍ അക്രമം നടത്തിയത്. അതിനുശേഷം സിപിഐ എം പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവച്ചു മുതലെടുക്കാനുള്ള വ്യാപകമായ ശ്രമവും മതസ്പര്‍ധ വളര്‍ത്താനുമുളള നീക്കവുമുണ്ടായി. ഇവരുടെ അറസ്റ്റോടെ പള്ളിഅക്രമത്തിന് പിന്നിലുണ്ടായിരുന്നവരുടെ യഥാര്‍ഥമുഖമാണ് പുറത്തുവന്നത്.
2016 മെയ് ഒന്നിന് അബ്ദുള്‍ റഹ്മാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി കാലടിയില്‍ നടത്തിയ പൊതുയോഗം നടക്കുന്നതിനിടെയാണ് സംഭവം. മുഖ്യധാര പത്രാധിപന്‍ സഹീദ് റൂമി പ്രസംഗിക്കുന്നതിനിടെ മുസ്ലിംലീഗുകാര്‍ക്ക് സ്വാധീനമുള്ള ഈ പ്രദേശത്ത് നടന്ന പരിപാടി അലോങ്കോലപ്പെടുത്താന്‍ കല്ലെറിയുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. സംഭവത്തില്‍ സൊസൈറ്റി പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

തുടര്‍ന്ന് രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് കാലടിയിലെ ജുമാമസ്‌ജിദിന് നേരെ കല്ലേറുണ്ടായത്. പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നില്‍ സിപിഐ എം പ്രവര്‍ത്തകരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ഇപ്പോള്‍ പിടിയിലായ മൊയ്തു നിസാമിയുള്‍പ്പെടെയുള്ള പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ മയ്യില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ കേസ് കണ്ണൂര്‍ സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മരവിപ്പിച്ചു വയ്ക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും അന്നേ വിശ്വാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണമായിരുന്നതിനാല്‍ സംഭവം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു നീക്കം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അബ്ദുള്‍ റഹ്മാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മറ്റും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കാന്‍ കണ്ണൂര്‍ ഡിവൈഎസ്‌പി പി പി സദാനന്ദന്‍ ഉത്തരവിട്ടത്.
