കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. മൂന്നു മാസം കഴിഞ്ഞ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം. നിലവിലെ നിയന്ത്രണം മൂന്നു മാസംകൂടി തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്‍റെ ഉത്തരവ്. എറണാകുളം ജില്ല വിട്ടുപോവരുതെന്ന വ്യവസ്ഥയിലാണ് കോടതി 2013 ല്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസില്‍ ഹൈക്കോടതി തുടരന്വേഷണം നിര്‍ദേശിച്ചതിനാല്‍ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയേണ്ടതില്ലന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

പ്രതികള്‍ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇളവ് നല്‍കരുതെന്നുമായിരുന്നു സിബിഐയുടെ വാദം.


