KOYILANDY DIARY.COM

The Perfect News Portal

കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നേത്രാവതി- ലോക്മാന്യ തിലക് എക്സ്പ്രസിന് തീയിട്ടു

ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നേത്രാവതി- ലോക്മാന്യ തിലക് എക്സ്പ്രസിന് തീയിട്ടു. എഞ്ചിനോട് ചേര്‍ന്നുള്ള അഞ്ചാമത്തെ ബോഗിക്കാണ് തീപിടിച്ചത്. തീയിട്ട ആളെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മനോരോഗിയാണെന്ന് സംശയമുണ്ട്. തമിഴ്നാട് സ്വദേശി അനസ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ബോഗിയിലെ ശുചിമുറിയില്‍ തുണികള്‍ കൂട്ടിയിട്ടാണ് തീകൊളുത്തിയത്.

തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കു പുറപ്പെട്ട ട്രെയിന്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11.40ഓടെ എത്തിയപ്പോഴായിരുന്നു സംഭവം. ആര്‍.പി.എഫും നാട്ടുകാരും പോലീസും ചേര്‍ന്ന് സമീപത്തുള്ള വീടുകളില്‍ നിന്ന് വെള്ളം മോട്ടോര്‍ ഉപയോഗിച്ച്‌ പന്പ് ചെയ്ത് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിന്‍ ട്രാക്കില്‍ ആയതിനാല്‍ ഫയര്‍ഫോഴ്സിന് ഇവിടേക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ട്.

ട്രെയിന്‍റെ എ.സി കന്പാര്‍ട്ട്മെന്‍റിനു ശേഷമുള്ള ജനറല്‍ കന്പാര്‍ട്ട്മെന്‍റിലാണ് തീപിടുത്തമുണ്ടായത്. കന്പാര്‍ട്ട്മെന്‍റിലെ ഒരാളുടെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടിയപ്പോള്‍ ഇയാള്‍ അവരെ വെട്ടിച്ച്‌ ശുചിമുറിയില്‍ കയറി കൈവശം സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീകൊടുത്തുകയായിരുന്നുവെന്ന് ട്രെയിനിലെ യാത്രക്കാരനായ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മോഷണശ്രമത്തിനിടെയാണ് തീയിട്ടതെന്ന് കരുതുന്നതായി ട്രെയിനിലെ മറ്റൊരു യാത്രക്കാരനായ സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞു.

Advertisements

യാത്രക്കാര്‍ പെട്ടെന്ന് തന്നെ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച്‌ അക്രമിയെ പിടികൂടി ഫ്ളാറ്റിഫോമിലേക്ക് മാറ്റി. ഇതിനിടെ ട്രെയില്‍ തീപടര്‍ന്നു. യാത്രക്കാര്‍ എല്ലാവരും തന്നെ ബോഗിയില്‍ പുറത്തുചാടിയ രക്ഷപ്പെട്ടു. തീപിടിച്ച ബോഗി പെട്ടെന്ന് തന്നെ എഞ്ചിനില്‍ നിന്ന് വേര്‍പ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പൊള്ളലേറ്റ അക്രമിയെ റെയില്‍വേ പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുകയാണ്. ഇയാളുടെ പൊള്ളല്‍ ഗുരുതരമല്ല. ട്രെയിനിന്‍റെ തുടര്‍ യാത്ര തത്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.

Share news