കാപ്പാട്-കൊയിലാണ്ടി തീരദേശ പാത നന്നാക്കാത്തത് ദുരിതമാകുന്നു

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത നന്നാക്കാന്‍ നടപടിയായില്ല. പൂക്കാടിനും കൊയിലാണ്ടിയ്ക്കുമിടയില്‍ ടാറിങ് നടക്കുന്നതുകാരണം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ്. ഇതു കാരണം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസുകളില്‍ മിക്കതും കാപ്പാട്-കൊയിലാണ്ടി തീരദേശ പാത വഴിയാണ് പോകുന്നത്.
പൊയില്‍ക്കാവ് എഴുകുടിക്കല്‍ ഭാഗത്ത് തീരപാത പൂര്‍ണമായി തകര്‍ന്നു കിടപ്പാണ്. പൊയില്‍ക്കാവ് മുതല്‍ കാപ്പാട് വരെ 900 മീറ്ററിലാണ് റോഡ് പൂര്‍ണമായി തകര്‍ന്നത്. മൂന്ന് കൊല്ലത്തിലേറെയായി തീരദേശ റോഡ് ഈ വിധം തകര്‍ന്നു കിടപ്പാണ്. എം.എല്‍.എയടക്കമുള്ളവരുടെ ശ്രദ്ധയില്‍ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

കൊയിലാണ്ടി ടൗണില്‍ നിന്ന് കാപ്പാട് എത്താനുള്ള എളുപ്പ പാതയാണിത്. ഹാര്‍ബറിലേക്കുള്ള വാഹനങ്ങള്‍ക്കും ഇതു വഴി വേഗത്തിലെത്താം. എന്നാല്‍ റോഡ് തകര്‍ന്നതിനാല്‍ ഈ റോഡ് വഴി പോകാന്‍ യാത്രക്കാര്‍ മടിക്കുകയാണ്. നന്നാക്കിയാല്‍ കൂടുതല്‍ യാത്രാവാഹനങ്ങള്‍ കാപ്പാട്-കൊയിലാണ്ടി പാതയിലൂടെ പോകും.

