കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് കോടിയേരി സന്ദര്‍ശിച്ചു

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സന്ദര്‍ശിച്ചു. വരാപ്പുഴയില്‍ സിപിഐ എം സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിനെത്തിയതായിരുന്നു കോടിയേരി. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനൊപ്പമാണ് കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്.
സിപിഐ എം ശ്രീജിത്തിന്റെ കുടുംബത്തോടൊപ്പമാണെന്ന് കോടിയേരി കുടുംബാംഗങ്ങളോട് പറഞ്ഞു. സിപിഐ എം ഇരകള്‍ക്കൊപ്പമാണെന്നും വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരും പാര്‍ടിയും വരാപ്പുഴ സംഭവത്തെ ഗൗരവമായാണ് കാണുന്നത്. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നു പറഞ്ഞ കോടിയേരി കുടുംബത്തെ സഹായിക്കാനുള്ള നടപടിയുണ്ടാവുമെന്നും ഉറപ്പു നല്‍കി. ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചതിനുശേഷം വരാപ്പുഴയില്‍ ആത്മഹത്യ ചെയ്‌ത വാസുദേവന്റെ വീടും കോടിയേരി സന്ദര്‍ശിച്ചു. വാസുദേവന്റെ വീട് ആക്രമിച്ച കേസിലായിരുന്നു പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.

