കമ്യൂണിസ്റ്റ് കെ സി മാത്യു (92) അന്തരിച്ചു
കൊച്ചി : കമ്യൂണിസ്റ്റ് നേതാവും ഇടപ്പള്ളി പൊലീസ് സ്റ്റേഷനാക്രമണ കേസ് പ്രതിയുമായിരുന്ന കെ സി മാത്യു (92) അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി സംഘടനയുടെ സെക്രട്ടറി ജനറലായി. സിപിഐ ദേശീയ കൌണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകയായിരുന്ന മേരിയാണ് ഭാര്യ. മക്കള്‍: പാട്രിസ്, മല്ലിക, നിഗാര്‍
1950 ഫെബ്രുവരി 28ന് പുലര്‍ച്ചെ ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത 12 അംഗ കമ്മ്യൂണിസ്റ്റ് സംഘത്തിന്റെ ക്യാപ്റ്റനായിരുന്നു കെ സി മാത്യു. സ്റ്റേഷന്‍ ആക്രമണക്കേസില്‍ ഒന്നാം പ്രതിയായി. തുടര്‍ന്ന്, കൊടിയ മര്‍ദ്ദനത്തിനിരയായി.

പൊലീസ് അന്യായമായി അറസ്റ്റ്ചെയ്ത എന്‍ കെ മാധവന്‍ , കെ എ വറുതുട്ടി എന്നിവരെ മോചിപ്പിക്കാനായിരുന്നു മാര്‍ച്ച്. കെ എ വറുതുട്ടിയുടെ സഹോദരിയാണ് പിന്നീട് മാത്യു വിവാഹം ചെയ്ത മേരി. സുപ്രീം കോടതിവരെ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച 11 പേരില്‍ ഒരാളായിരുന്നു മാത്യു. 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രാഷ്ട്രിയ തടവുകാര്‍ എന്ന പരിഗണന നല്‍കി ഇവരുടെ ശിക്ഷ ഇളവുചെയ്തു. മുന്‍ മന്ത്രി വി. വിശ്വനാഥമേനോന്‍ , എം എം ലോറന്‍സ് തുടങ്ങി 33 പേരെയാണ് കേസിലെ പ്രതികളെന്നു മുദ്രകുത്തി പൊലീസ് ക്രൂര മര്‍ദനത്തിനിരയാക്കിയത്.

