കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം

പാലാ: പാലായില്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും, ബലാല്‍സംഗത്തിന് 10 വര്‍ഷം കഠിനതടവും, അതിക്രമിച്ചു കടക്കലിന് ഏഴുവര്‍ഷവും, ഭവനഭേദനത്തിന് ഒന്‍പത് മാസം എന്നിവയാണ് ശിക്ഷ. സതീഷ്ബാബുവിന് അജീവനാന്തം തടവ് നല്‍കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ലാത്തതിനാല്‍ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടിരുന്നില്ല.
പാലാ ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രീയെ മോഷണശ്രമത്തിനിടെയാണ് സതീഷ് ബാബു കൊലപ്പെടുത്തിയത്. കന്യാസ്ത്രീയെ തലക്കടിച്ച ശേഷം പ്രതി ബലാത്സംഗം ചെയ്തിരുന്നു. ശിക്ഷ വിധിക്കുമ്ബോള്‍ പ്രതിയുടെ പ്രായവും പ്രായമായ അച്ഛനമ്മമാരുടെ മകന്‍ എന്ന പരിഗണനയും വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റ വാദം. കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി തെളിഞ്ഞുവെന്നാണ് പാലാ സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്, എന്നാല്‍ മോഷണക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

2015 സെപ്റ്റബര്‍ 16 അര്‍ദ്ധരാത്രിയാണ് കന്യാസ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. പ്രതി സതീഷ്ബാബു നിലവില്‍ ഭരണങ്ങാനത്തെ മഠത്തില്‍ മോഷണം നടത്തിയതിന് 6 വര്‍ഷം തടവ് അനുഭവിക്കുകയാണ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2,10,000 രൂപയും പ്രതി പിഴയടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു വര്‍ഷവും ഒന്‍പതു മാസവും അധികമായി ശിക്ഷ അനുഭവിക്കണം.

