കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍പൊട്ടി

മുക്കം: ഇടതടവില്ലാതെ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍പൊട്ടി. രണ്ടു മാസം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന് പുഴയ്ക്കടുത്തമറിപ്പുഴ, തേനിപ്പാറ, കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് തുടങ്ങിയ പ്രദേശങ്ങളിലാണ് പല സ്ഥലത്തും ഉരുള്‍പൊട്ടിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമാണ് വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായതും ശക്തമായ നീരൊഴുക്കുണ്ടായതും.
മലവെള്ളപ്പാച്ചിലില്‍ മറിപ്പുഴ പാലത്തിന്റെ അപ്രാച്ച് റോഡ് തകര്‍ന്നു. ഈ ഭാഗത്ത് പുഴ ഗതിമാറി ഒഴുകിയതിനാല്‍ 15 കുടുംബങ്ങള്‍ പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട അവസ്ഥയിലായി. വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമാകുന്നുണ്ട്. അനേകം ഫാമുകള്‍ പ്രവര്‍ത്തിക്കുന്ന മറിപ്പുഴ പ്രദേശത്ത് ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും അവിടെ കുടുങ്ങിയിരിക്കയാണ്.

ഏക്കര്‍ കണക്കില്‍ കൃഷി നശിച്ചു. റബര്‍, ജാതി, കൊക്കോ, കവുങ്ങ്, ചേമ്ബ്, ചേന, കപ്പ തുടങ്ങിയ കൃഷികളാണ് നശിച്ചത്. ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ വലിയ പാറക്കല്ലുകള്‍ പതിച്ച് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.മഴ കനക്കുന്നതു കണ്ട് അപകടം മണത്ത പല വീട്ടുകാരും ഈ മേഖലയില്‍ നിന്ന് മാറിത്താമസിക്കുകയായിരുന്നു.

