കടല്‍ സുരക്ഷ : 900 സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കും : മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ

കൊല്ലം:ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ തെരഞ്ഞെടുത്ത 60 മത്സ്യഗ്രാമങ്ങളില്‍ നിന്ന് 900 കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുകയാണെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനത്തിന് പുറപ്പെടുന്ന 40 പേരടങ്ങുന്ന സംഘത്തിന് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ യാത്രഅയപ്പ് നല്‍കുകയായിരുന്നു മന്ത്രി.ഒരു മത്സ്യഗ്രാമത്തില്‍ നിന്ന് 5 മത്സ്യബന്ധന യാനങ്ങളും ഒരു യാനത്തില്‍ 3 വീതം മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നതാണ് ഒരു കടല്‍ സുരക്ഷാ സ്‌ക്വാഡ് യൂണിറ്റ്. ഓഖി പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനം നല്‍കും.

യാനങ്ങളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ലഭ്യമാക്കുന്നുമുണ്ട്. പദ്ധതിയ്‌ക്കായി 7.15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ തെരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളായ നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍, വാടി, പള്ളിത്തോട്ടം, പുത്തന്‍തുറ, മുതാക്കര എന്നിവടങ്ങളിലെ 105 പേരെയാണ് സുരക്ഷാ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 48 പേരുടെ സ്‌ക്രീനിംഗ് ടെസ്റ്റ് പൂര്‍ത്തിയാക്കി. ആദ്യ ബാച്ചില്‍ 20 പേരാണുള്ളത്. തിരുവന്തപുരത്ത് നിന്നുള്ള 20 പേരും ഉള്‍പ്പെടുന്ന സംഘത്തിന് 15 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

